പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ നടത്തിവന്ന സമരം താല്‍കാലികമായി അവസാനിപ്പിച്ചു
|നിരോധിച്ച വിദ്യാര്‍ഥി മാഗസിന്‍ 'വൈഡര്‍സ്റ്റാന്റ്' എ.ബി.വി.പി പ്രവര്‍ത്തകര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് യൂണിയന്‍ പ്രതിനിധികളടക്കമുള്ള വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രകടനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
മാഗസിന്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. പ്രതിഷേധപ്രകടനത്തിന് നേരെ ആക്രമണം നടത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന രജിസ്ട്രാറുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
നിരോധിച്ച വിദ്യാര്‍ഥി മാഗസിന്‍ 'വൈഡര്‍സ്റ്റാന്റ്' എ.ബി.വി.പി പ്രവര്‍ത്തകര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് യൂണിയന്‍ പ്രതിനിധികളടക്കമുള്ള വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രകടനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധ പ്രകടനത്തിന് മുന്നിലേക്ക് ബൈക്കുമായെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രാത്രി വൈകുവോളം സര്‍വകലാശാലയുടെ പ്രധാന കവാടം ഉപരോധിച്ചു. വിദ്യാര്‍ഥികളുമായി രജിസ്ട്രാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 12 മണിയോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി ഇല്ലാത്ത പക്ഷം സമരം ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.