India
രാജസ്നേഹിയെന്ന് ആവര്‍ത്തിച്ച് പറയേണ്ടി വരുന്നത് വേദനാജനകം: ഷാരൂഖ് ഖാന്‍രാജസ്നേഹിയെന്ന് ആവര്‍ത്തിച്ച് പറയേണ്ടി വരുന്നത് വേദനാജനകം: ഷാരൂഖ് ഖാന്‍
India

രാജസ്നേഹിയെന്ന് ആവര്‍ത്തിച്ച് പറയേണ്ടി വരുന്നത് വേദനാജനകം: ഷാരൂഖ് ഖാന്‍

admin
|
10 May 2018 9:12 PM GMT

ഇന്ത്യ ടി.വിയിലെ 'ആപ് കി അദാലത്ത്' പരിപാടിയിലാണ് ഷാരൂഖ് മനസ്സ് തുറന്നത്. എല്ലാവരെക്കാളുമേറെ താനീ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

ഞാന്‍ രാജസ്നേഹിയാണ് എന്ന് നിരന്തരം ആവര്‍ത്തിക്കേണ്ടി വരുന്നത് വേദനജനകമാണെന്ന് പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം ഷാരൂഖ് ഖാന്‍. താന്‍ ഈ രാജ്യക്കാരനാണെന്നും രാജ്യസ്‌നേഹിയാണെന്നും പറയാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ കരച്ചില്‍ വരാറുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ഇന്ത്യ ടി.വിയിലെ 'ആപ് കി അദാലത്ത്' പരിപാടിയിലാണ് ഷാരൂഖ് മനസ്സ് തുറന്നത്. എല്ലാവരെക്കാളുമേറെ താനീ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ടെന്നും ഷാരൂഖ് പറഞ്ഞു.
ലോകത്തെ ഏറ്റവും സുരക്ഷിതവും സുന്ദരവുമായ രാജ്യത്താണ് നാം ജീവിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ നമ്മള്‍ ഉടക്കി നില്‍ക്കരുത്. എന്നേക്കാള്‍ വലിയ രാജ്യസ്‌നേഹി ഇവിടെയില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ എന്റെ അന്തിമമായ പ്രസ്താവനയാണിത്. ഇത് ഞാന്‍ ആവര്‍ത്തിക്കില്ലെന്നും ഷാരൂഖ് വ്യക്തമാക്കി.

എന്റെ പിതാവ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ആളാണ്. ഞങ്ങള്‍ക്ക് രാജ്യം നീതി നല്‍കിയില്ല എന്ന് എങ്ങനെ കരുതാന്‍ സാധിക്കും. ഈ നാട്ടില്‍ നിന്ന് എല്ലാം ലഭിച്ച ഞാന്‍, രാജ്യത്തെ പറ്റി പരാതിപ്പെടുന്ന അവസാനത്തെ ആളായിരിക്കുമെന്നും ഷാരൂഖ് പറഞ്ഞു. 'സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്റെ അച്ഛന്‍. ഈ രാജ്യമാണ് എനിക്കെല്ലാം തന്നത്. രാജ്യം നീതികാണിച്ചില്ലെന്ന് ഞാനെങ്ങനെ പറയും? യഥാര്‍ഥത്തില്‍ ചെറിയൊരു ഇന്ത്യയാണ് എന്റെ കുടുംബം. ഞാന്‍ ജനിച്ചത് മുസ്ലിമായി, എന്റെ ഭാര്യ ഹിന്ദു. അങ്ങനെയൊരാള്‍ക്ക് ഈ രാജ്യത്തിനെതിരെ എങ്ങനെ പറയാനാവും?'' -അദ്ദേഹം ചോദിച്ചു.
മോദിയെ വെട്ടിലാക്കി കോണ്‍ഗ്രസ്സിനെ സഹായിക്കാനാണ് 'അസഹിഷ്ണുതാ പരാമര്‍ശം നടത്തിയതെന്ന ആരോപണവും ഷാരൂഖ് നിഷേധിച്ചു. തനിക്ക് രാഷ്ട്രീയവേര്‍തിരിവില്ലെന്നും എല്ലാ പാര്‍ട്ടികളിലും സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദമുണ്ടാക്കുകയായിരുന്നു. ദേശം, മതം, ജാതി, വര്‍ണം, വര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ അസഹിഷ്ണുക്കളാകരുതെന്ന് യുവാക്കളെ ഉപദേശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഷാരൂഖ് വ്യക്തമാക്കി.

Similar Posts