ഗൊരഖ്പൂര്‍ ദുരന്തം; അന്വേഷണം നടത്താന്‍ ഉത്തരവ്
|റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു
ഗൊരഖ്പൂര്‍ ദുരന്തത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലടക്മുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ പക്ഷെ മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പുറത്തുവിട്ടിട്ടില്ല.
ആഗസ്ത് 10 നും 11നുമായി ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 30 കുട്ടികള്‍ മരിച്ചതോടെയാണ് സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള 5 അംഗസമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗുരുതരമായ വീഴ്ച്ച വരുത്തിയ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രീജീവ് മിശ്ര, അനസ്തീഷ്യ വിഭാഗം തലവന്‍ ഡോക്ടര്‍ സതീഷ്. ശിശുരോഗ വിഭാഗം തലവന്‍ ഡോക്ടര്‍ ഖഫീല്‍ ഖാന്‍, ഓക്സിജന്‍ വിതരണക്കാരായ പുഷ്പ സെയില്‍സ് എന്നിവരടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് സമിതി ശി്പാര്‍ശ ചെയ്തു. മെഡിക്കല്‍ കൌണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ച ഡോക്ടര്‍ ഖഫീല്‍ ഖാനെതിരെ വേറെയും കേസെടുക്കണം. ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസറും രാജീവ് മിശ്രയുടെ ഭാര്യയുമായ പൂര്‍ണിമ ശുക്ലയ്ക്കെതിരേയും ക്രിമിനല്‍ കേസെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആശുപത്രിയുടെ ഭരണത്തില്‍ ഇടപെട്ട പൂര്‍ണിമ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിന് കമ്മീഷന്‍ കൈപറ്റിയിരുന്നുവെന്നും സമിതി കണ്ടെത്തി ചീഫ് ഫാര്‍മസിസ്റ്റ് അടക്കമുള്ളവര്‍ക്കെതിരെ അഴിമതി നിരോധനനിയമപ്രകാരവും കേസെടുക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആശുപത്രിയില്‍ വാങ്ങിയ മരുന്നുകളും ഉപകരണങ്ങളും സംബന്ധിച്ച് സിഎജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താണ് മരണകാരണമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും മരുന്നുകളും ഉപകരണങ്ങളുടേയും ഗുണനിലവാരം അടിയന്തരമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.