ആമസോണില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് മൂന്ന് സോപ്പ്
|ഡൽഹി സ്വദേശിയായ ചിരാഗ് ധവാനാണ് ഈ കബളിപ്പിക്കലിന് ഇരയായത്
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലൂടെയുള്ള ഷോപ്പിംഗ് വര്‍ദ്ധിച്ചെങ്കിലും ചില തട്ടിപ്പുകളും ഇത്തരം സൈറ്റുകളില്‍ നടക്കുന്നുണ്ട്. ബാഗിന് പകരും കല്ലും കുടയുമെല്ലാം ലഭിച്ച സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഈയിടെ ഓണ്‍ലൈനിലൂടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മൂന്ന് സോപ്പാണ്.
ഡൽഹി സ്വദേശിയായ ചിരാഗ് ധവാനാണ് ഈ കബളിപ്പിക്കലിന് ഇരയായത്. സെപ്തംബര്‍ 7നാണ് ധവാന്‍ പ്രശസ്ത ഓൺലൈൻ ഷോപ്പിങ്ങ് വെബ്‌സൈറ്റായ ആമസോണിലൂടെ വൺ പ്ലസ് 5ഫോൺ ഓർഡർ ചെയ്തത്. കൃത്യം 11ന് തന്നെ പാഴ്സല്‍ ധവാന്റെ വീട്ടിലെത്തി, പക്ഷേ ഫോണല്ലെന്ന് മാത്രം. ഫോണിന് പകരം ഫെനയുടെ മൂന്ന് സോപ്പാണ് ലഭിച്ചത്. റോക്കറ്റ് കൊമേഴ്‌സ് എന്ന സെല്ലറിൽ നിന്നാണ് പായ്ക്കറ്റ് വന്നിരിക്കുന്നത്.
സംഭവം ആമസോണിന്റെ കസ്റ്റമർ കെയറിൽ അറിയിച്ചുവെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. ആമസോണിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ചതിയെപ്പറ്റി പുറംലോകം അറിയുന്നത്.