കാശ്മീര്‍ സംഘര്‍ഷത്തെക്കുറിച്ച് ലോകസഭ ചര്‍ച്ച ചെയ്തു
|കേന്ദ്ര സര്‍ക്കാരിനെയും ജമ്മുകശ്മീരിലെ ബി.ജെ.പി-പിഡി.പി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഭൂരിഭാഗവും കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്
കശ്മീര്‍ താഴ്വരയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ലോക്സഭ ചര്‍ച്ച ചെയ്തു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ബി.ജെ.പി - പി.ഡി.പി സര്‍ക്കാര്‍ ജനങ്ങളെ കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ചര്‍ച്ചയില്‍ ആരോപിച്ചു. ജമ്മു കശ്മീരിലെ പ്രശ്നം സ്വാതന്ത്ര്യ ലബ്ധി മുതല്‍ ആരംഭിച്ചതാണെന്നും ഉത്തരവാദി കോണ്‍ഗ്രസാണെന്നും ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് നാളെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.
കേന്ദ്ര സര്‍ക്കാരിനെയും ജമ്മുകശ്മീരിലെ ബി.ജെ.പി-പിഡി.പി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഭൂരിഭാഗവും കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സംയമനം പാലിച്ചില്ലെന്നാരോപിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പെല്ലറ്റ് ഗണ്ണുകള്‍ മാരകായുധങ്ങളല്ലെന്ന പറയാനാവുമോയെന്നും ചോദിച്ചു. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും താഴ് വരയിലേയ്ക്ക് പോകാത്തതിനെക്കുറിച്ച് രാജ്യത്തോട് വിശദീകരിയ്ക്കണമെന്നും ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.
മുലായം സിങ്ങ് യാദവ്, ഇ.ടി.മുഹമ്മദ് ബഷീര്‍. എന്‍.കെ.പ്രേമചന്ദ്രന്‍, മുഹമ്മദ് സലിം. അസാസുദ്ധീന്‍ ഒവൈസി തുടങ്ങി നിരവധിയാളുകള്‍ കശ്മീര്‍ ജനതയുമായി ചര്‍ച്ച നടത്തേണ്ടതിന്റെയും പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടതിന്റെയും ആവശ്യകത എടുത്തു പറഞ്ഞു. 2010ല്‍ 3 തവണ താഴ് വരയില്‍ പെല്ലറ്റ് ആക്രമണം നടന്നിട്ടുണ്ടെന്നും ഉത്തരവാദി ആരായിരുന്നുവെന്നും ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂര്‍ ചോദിച്ചു. കശ്മീര്‍ പ്രശ്നത്തിന് ഉത്തരവാദികളായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് മാത്രമാണെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.
കശ്മീരില്‍ സംഭവിച്ച വീഴ്ചകള്‍ പലതും സമ്മതിച്ചു കൊണ്ടായിരുന്നു രാജ്യസഭയിലെ ചര്‍ച്ചയ്ക്ക് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് മറുപടി നല്‍കിയത്. സമാനമായ മറുപടി തന്നെയായിരിയ്ക്കും ലോക്സഭയിലും രാജ്നാഥ് സിങ്ങ് നല്‍കുകയെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.