മായാവതിക്കെതിരെ വിവാദ പരാമര്‍ശം : പ്രതിഷേധവുമായി ബിഎസ്പി
|ലക്നോവില്‍ ആയിരക്കണക്കിന് ബിഎസ്പി പ്രവര്‍ത്തകര്‍ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ദയാനന്ദ സിങനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലറങ്ങി
ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്നോവില്‍ ആയിരക്കണക്കിന് ബിഎസ്പി പ്രവര്‍ത്തകര്‍ ബിജെപി നേതാവ് ദയാനന്ദ സിങനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലറങ്ങി. പ്രതിഷേധക്കാര്‍ ബിജെപി നേതാവിന്റെ കോലം കത്തിക്കുകയും പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. അതേസമയം ദയാനന്ദ സിങിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.
ബിഎസ്പി ദേശീയ അധ്യക്ഷ മായാവതിയെ വേശ്യയോടുപമിച്ച ബിജെപി ഉത്തര്‍പ്രദേശ് വൈസ്പ്രസിഡണ്ട് ദയാനന്ദ് സിങിനെ ഇന്നലെ ബിജെപി ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അടക്കമുള്ള നേതാക്കള്‍ മായാവതിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലൊന്നും തൃപ്തരാകാതെ ആയിരക്കണക്കിന് ബിഎസ്പി പ്രവര്‍ത്തകരാണ് രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്. ദയാനന്ദ് സിങിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ല്കനൌവില് ഇന്ന് രാവിലെ മുതല്‍ ബിഎസ്പി പ്രവര്‍ത്തകര്‍ തെരുവുകള്‍ കീഴടക്കി. ദയാനന്ദ് സിംഗിന്റെ കോലം കത്തിക്കുകയും, പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയു ചെയ്തു. പ്രക്ഷേഭത്തില്‍ ലക്നൌവിലെ വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
ഡല്‍ഹി ജന്ദര്‍ മന്തറിലും ഛണ്ഡീഗഢിലും ബിഎസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ദയാനന്ദ് സിംഗിന്റെ നാവരിയുന്നവര്‍ക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് ബിഎസ്പി ഛണ്ഡീഗഡ് പ്രസിഡണ്ട് ജാന്നത്ത് ജാന്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ നിയമസഭ മന്ദിരത്തില്‍ ബിഎസ്പി എംഎല്‍എ ശീലാ ത്യാഗിയും പ്രതിഷേധ പ്രകടനം നടത്തി. അതേസമയം പ്രതിഷേധം ശക്തമായതോടെ ദയാനന്ദ് സിംഗിനെതിരെ എസ് സി എസ്ടി ആട്രോസിറ്റീസ് ആക്ട് പ്രകാരം യുപി പൊലീസ് കേസെടുത്തു. ദയാനന്ദ് സിംഗിന്റെ വസതിയില്‍ റെയ്ഡ് നടത്തി. അതേസമയം വൈകിട്ടോടെ ദയാനന്ദ് സിംഗ് ലക്നൌ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.