India
സിപിഎം പൊളിറ്റ് ബ്യൂറോയോഗം ഇന്ന്സിപിഎം പൊളിറ്റ് ബ്യൂറോയോഗം ഇന്ന്
India

സിപിഎം പൊളിറ്റ് ബ്യൂറോയോഗം ഇന്ന്

Khasida
|
11 May 2018 5:31 PM GMT

കൊല്‍ക്കത്താ പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നതും ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനവും പ്രകാശ് കാരാട്ടിന്റെ ബിജെപിയെ കുറിച്ചുള്ള നിലപാടും ചര്‍ച്ചയായേക്കും

കൊല്‍ക്കത്താ പ്ലീനത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സി.പി.എം പി.ബി യോഗം ഇന്നും നാളെയുമായി നടക്കും. ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച വിഷയവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം വിശദീകരണമാവശ്യപ്പെട്ടിരുന്നു.

സി.പി.എമ്മിന്റെ കൊല്‍ക്കത്താ പ്ലീനത്തിന്റെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത സി.പി.എം പി.ബി യോഗത്തില്‍ ഇതിനാവശ്യമായ രൂപരേഖ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കാലതാമസം നേരിട്ടിട്ടുണ്ട്. മറ്റ് കാരണങ്ങളാല്‍ നടപടികള്‍ നീണ്ടുപോയ സംസ്ഥാനങ്ങളുമുണ്ട്.

ഇതിനു പുറമെ ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും മറ്റ് സംഘടനാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. നവ ഉദാരവത്കരണനയത്തിന്റെ വക്താവായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച വിഷയവും പി.ബിയില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സി.പി.എം കേന്ദ്രനേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നിയമനം വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ടിരുന്നു. അതിനു പുറമെ ഗീത ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ദുരൂഹമായ ഈ നിയമനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും കാണിച്ച് വി.എസ് അച്യുതാനന്ദന്‍ കത്തു നല്‍കിയിട്ടുണ്ട്. നിയമനം ഉപദേഷ്ടാവ് പദവിയിലാണെങ്കിലും വിവിധ അന്താരാഷ്ട്ര ഏജന്‍സികളും മറ്റുമായി ബന്ധം പുലര്‍ത്തുന്നതിന് സഹായകമാവാനാണ് ഗീത ഗോപിനാഥിനെ നിയമിച്ചതെന്ന വിശദീകരണമായിരിയ്ക്കും പിണറായി വിജയനും സംസ്ഥാന നേതൃത്വവും പി.ബി യോഗത്തില്‍ നടത്തുക. ഗീതാ ഗോപിനാഥിനെ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

Similar Posts