ഇറോം ശര്‍മ്മിള നിരാഹാര സമരം അവസാനിപ്പിച്ചു
|നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ അനുയായികകള്‍ക്കിടയില്‍ ഭിന്നത
മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമത്തിനെതിരെ 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം ഇറോം ശര്‍മ്മിള അവസാനിപ്പിച്ചു. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച ഇംഫാല്‍ മജിസ്ട്രേറ്റ് കോടതി ഇറോമിന് ജാമ്യം അനുവദിച്ചു. വൈകിട്ട് പുറത്തിറങ്ങിയ ഇറോം മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
നിരാഹാര സമരവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് വേണ്ടി എല്ലാ ആഴ്ചയും കോടതിയിലെത്തുന്ന ഇറോം ശര്‍മിള ഇന്ന് പുതിയ തീരുമാനവുമായാണ് ഇംഫാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. ലോകം ശ്രദ്ധിച്ച ഐതിഹാസിക സമരം അവസാനിപ്പിക്കുന്നുവെന്ന് അവര്‍ കോടതിയെ അറിയിച്ചു. തീരുമാനം അംഗീകരിച്ച കോടതി 10,000 രൂപയുടെ ബോണ്ടിന്‍ മേല്‍ ജാമ്യം അനുവദിച്ചു. ഉച്ചയോടെ ആശുപത്രിയിലേക്ക് മടങ്ങിയ ഇറോം വൈകുന്നേരം പുറത്തിറങ്ങി. വാര്‍ത്താസമ്മേളനത്തിനിടെയാണ് സമരം അവസാനിപ്പിച്ചത്.
പ്രത്യേക സൈനികാധികാര നിയമത്തിനെതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ ഇറോം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. പ്രത്യേക സൈനിക അധികാര നിയമത്തിനെതിരായി പോരാടുന്ന മണിപ്പൂരിലെയും കശ്മീരിലെയും ജനതക്ക് പിന്തുണ പ്രഖ്യാപിച്ച ഇറോം തന്റെ രാഷ്ട്രീയ പ്രവേശത്തില്‍ ഒരു വിഭാഗം ഭയപ്പെടുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വധഭീഷണിയും മറ്റും കണക്കിലെടുത്ത് പൊലീസ് സംരക്ഷണം തുടരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ച ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി രണ്ടാഴ്ച മുന്‍പാണ് പ്രഖ്യാപിച്ചത്. സാധാരണക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവപ്പില്‍ പ്രതിഷേധിച്ച് 2000 നവംബര്‍ രണ്ടിനാണ് ഇറോം നിരാഹാരം ആരംഭിച്ചത്.