ബി.ജെ.പിയെ കടന്നാക്രമിച്ച് ബി.എസ്.പിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം
|കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം ഇരട്ടത്താപ്പ് നിറഞ്ഞ സമീപനമാണ് രാജ്യത്തെ മുസ്ലിങ്ങളോട് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് ആഗ്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മായാവതി കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശിനെ സംരക്ഷിക്കാന്‍ കഴിയാത്ത ബി.ജെ.പി ദേശഭക്തിയുടെ വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. മുസ്ലിം സമുദായത്തെ പൂര്‍ണമായും ബി.ജെ.പി സര്‍ക്കാര്‍ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നതെന്നും മായാവതി പറഞ്ഞു. ആഗ്രയില്‍ വമ്പിച്ച റാലിയോടെ ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് മായാവതി തുടക്കം കുറിച്ചു.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം ഇരട്ടത്താപ്പ് നിറഞ്ഞ സമീപനമാണ് രാജ്യത്തെ മുസ്ലിങ്ങളോട് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് ആഗ്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മായാവതി കുറ്റപ്പെടുത്തി. പൂര്‍ണമായി മതശാസനകള്‍ അനുസരിച്ച് ജീവിക്കുന്ന മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. കുത്തക മുതലാളിമാര്‍ക്ക് മാത്രം നല്ലത് ചെയ്യുന്ന ബി.ജെ.പി സംവരണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് ആര്‍.എസ്.എസ് തലവന്‍ പറയുന്നത്. എന്നാല്‍ കുട്ടികളുണ്ടായാല്‍ അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടെന്ന് മോദിയെ ഓര്‍മിപ്പിക്കണമെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെ വിമര്‍ശിച്ച മായാവതി ഗുണ്ടാരാജും കാട്ടു നീതിയുമാണ് ഇപ്പോഴത്തെ ഭരണത്തിന് കീഴില്‍ നടക്കുന്നതെന്ന് ആരോപിച്ചു. ബി.എസ്.പി അധികാരത്തില്‍ വന്നാല്‍ ഇതവസാനിപ്പിച്ച് നിയമവാഴ്ച നടപ്പാക്കുമെന്നും മായാവതി പറഞ്ഞു.