India
തമിഴ്നാടിന് 6000 ഘനയടി ജലം നല്‍കേണ്ടെന്ന് കര്‍ണാടക മന്ത്രിസഭാ തീരുമാനംതമിഴ്നാടിന് 6000 ഘനയടി ജലം നല്‍കേണ്ടെന്ന് കര്‍ണാടക മന്ത്രിസഭാ തീരുമാനം
India

തമിഴ്നാടിന് 6000 ഘനയടി ജലം നല്‍കേണ്ടെന്ന് കര്‍ണാടക മന്ത്രിസഭാ തീരുമാനം

Alwyn K Jose
|
11 May 2018 9:04 AM GMT

സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു.

തമിഴ്നാടിന് സെക്കന്‍ഡില്‍ 6000 ഘനയടി വെള്ളം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന് കര്‍ണാടക മന്ത്രിസഭയുടെ തീരുമാനം.നേരത്തെ സര്‍വകക്ഷിയോഗം എടുത്ത തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തീരുമാനം അറിയിച്ചത്.

കാവേരി നദിജല തര്‍ക്കത്തിലെ സുപ്രീം കോടതി ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കി. നിയമസഭാ സമ്മേളനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊളളുക. സഭാസമ്മേളനം തീരുന്നത് വരെ സുപീം കോടതി ഉത്തരവ് നടപ്പാനാകില്ലെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

മന്ത്രിസഭായോഗത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗവും ഇതേ നിലപാടാണെടുത്തത്. യോഗത്തില്‍ നിന്ന് വിട്ടുനിന്ന ബിജെപിയും മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ മാസം 27ആം തീയതി വരെ പ്രതിദിനം സെക്കന്‍ഡില്‍ 6000 ഘനയടി എന്ന തോതില്‍ വെള്ളം കാവേരി നദിയില്‍ നിന്ന് കര്‍ണാടക തമിഴ്നാടിന് നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

സുപ്രീം കോടതി ഉത്തരവ് പാലിച്ചാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമെന്നും തമിഴ്നാടിന് കൃഷി ആവശ്യത്തിന് വെള്ളം നല്‍കാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ല എന്നുമാണ് കര്‍ണാടക സര്‍ക്കാറിന്റെ നിലപാട്. സുപ്രീം കോടതി ഉത്തരവിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പ്രശ്ന ബാധിത പ്രദേശങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

Related Tags :
Similar Posts