വനം മന്ത്രിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കി; എസ്പിയിലെ പൊട്ടിത്തെറി തുടരുന്നു
|ശിവ്പാല്‍ യാദവിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അഖിലേഷ് ഇപ്പോഴും അന്തിമ തീരുമാനം എടുക്കാത്തത് പാര്‍ട്ടിക്കകത്ത് നടക്കുന്ന അധികാര വടംവലിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
അഖിലേഷ് ചേരിയിലെ പ്രമുഖ നേതാവും വനം വകുപ്പ് മന്ത്രിയുമായ പവന് പാണ്ടെയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കിയതോടെ സമാജ്വാദി പാര്ട്ടക്കകത്തെ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു. ലഖ്നൗവിലെ സമ്മേളന വേദിയില്‍ മുലായം പക്ഷക്കാരനായ ആശു മലിക്കിനെ മര്‍ദ്ദിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് പാണ്ടെയെ ആറു വര്‍ഷത്തേക്ക് പുറത്താക്കിയത്. ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് മുഖ്യമന്ത്രി അഖിലേഷിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പാര്‍ട്ടിക്കകത്തും മുലായം കുടുംബത്തിലും കാര്യങ്ങള്‍ ഭദ്രമാണെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും ഇരുപക്ഷവും പരസ്പരം പ്രതികാര നടപടികളുമായാണ് മുന്നോട്ടു പോകുന്നത്.
പാര്‍ട്ടിയിലെ വെടിനിര്‍ത്തല്‍ താല്‍ക്കാലികം മാത്രമാണെന്നും മുലായം സിങിനെ മറികടന്ന് മുന്നോട്ടു പോകാനാണ് അഖിലേഷ് യാദവിന്റെ തീരുമാനമെന്നും വ്യക്തമാക്കുന്നതായി കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഖ്നൗവില്‍ നടന്ന പാര്‍ട്ടിക്കകത്തെ പോര്. ശിവ്പാല്‍ യാദവിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അഖിലേഷ് ഇപ്പോഴും അന്തിമ തീരുമാനം എടുക്കാത്തത് പാര്‍ട്ടിക്കകത്ത് നടക്കുന്ന അധികാര വടംവലിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. സമാജ്വാദി പിളരുകയാണെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടിയാലോചനകള്‍ സജീവമാക്കിയിട്ടുണ്ട്.