ജഡ്ജിമാരുടെ നിയമനം വൈകല്‍: ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
|നിയമനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
ജഡ്ജിമാരുടെ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരും കൊളീജിയവും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹരജി വീണ്ടും കോടതിയുടെ പരിഗണനയിലെത്തുന്നത്. കൊളീജിയം അംഗീകരിച്ച നിയമനങ്ങള്‍ പോലും തടഞ്ഞ് വെച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ, അവസാനമായി ഹരജിയില്‍ വാദം കേട്ടപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി ജുഡീഷ്യല്‍ കമ്മീഷന് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി റദ്ദാക്കിയ ശേഷം ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും കൊളീജിയവും കഴിഞ്ഞ ഒരു വര്‍ഷമായി ശീത സമരത്തിലാണ്. ഒരു വര്‍ഷത്തിനിടെ കൊളീജിയം അംഗീകരിച്ച നിയമനങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ പരിഗണനയില്‍ കെട്ടിക്കിടപ്പാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്കിയ ഹരജി പരിഗണിക്കവേ ഒക്ടോബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജുഡീഷ്യല്‍ നിയമനത്തില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം കാലതാമസമുണ്ടാക്കുകയാണെന്നും, ഇത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ജുഡീഷ്യല്‍ നിയമനത്തില്‍ ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിഷയത്തില്‍ ഉത്തരവിറക്കുമെന്ന് മുന്നറിയിപ്പ് നല്കിയ കോടതി, കഴിഞ്ഞ എട്ട് മാസത്തിനിടെ നിമയനങ്ങളുമായി ബന്ധപ്പെട്ട സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം, പതിനേഴ് നിയമനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടുണ്ട്. നിയമനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും.