ഹൈദരാബാദ് സര്‍വകലാശാലയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയെന്ന് എഫ്ഐആര്‍
|27 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെങ്കിലും 41 വിദ്യാര്‍ഥികളുടെ പേര് പരാമര്‍ശിച്ചാണ് എഫ് ഐ ആര്‍ തയാറാക്കിയത്.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ഥികള്‍ സംഘടിച്ച് വി സി അപ്പാറാവുവിന്റെ കോലം കത്തിച്ചു. കൂടുതല്‍ അറസ്റ്റിന് സാധ്യതയെന്ന് സൂചനയുള്ള എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്തായി. അതേസമയം വിദ്യാര്‍ഥികള്‍ക്ക് വെള്ളവും വൈദ്യുതിയും നിഷേധിച്ചതിന് വിസിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.
രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ഹൈദരാബാദ് സര്‍വ്വകലാശാല വിസി അപ്പാറാവു തിരിച്ചെത്തിയതോടെ ഉയര്‍ന്ന പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. ഇന്നലെ വൈകിട്ട് സംഘടിച്ച വിദ്യാര്‍ഥികള്‍ അപ്പാറാവുവിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. അതേസമയം കൂടുതല്‍ വിദ്യാര്‍ഥികളുടെ അറസ്റ്റ് സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്തായി. 27 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെങ്കിലും 41 വിദ്യാര്‍ഥികളുടെ പേര് പരാമര്‍ശിച്ചാണ് എഫ് ഐ ആര്‍ തയാറാക്കിയത്. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ വിദ്യാര്‍ഥികളെ തെരഞ്ഞ് പിടിച്ച് പ്രതിചേര്‍ക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിസിയുടെ വസതി ഉപരോധിച്ച വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതക്കുകയും വിദ്യാര്‍ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് വെള്ളം, വൈദ്യുതി, മെസ് എന്നിവ നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കേന്ദ്രമനുഷ്യാവകാശ കമ്മീഷന്‍ വിസിക്ക് നോട്ടീസയച്ചു. 26 ന് മുന്പെ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.