രാഷ്ട്രപതിയാകുമെന്ന വാര്‍ത്ത നിഷേധിച്ച് അമിതാഭ് ബച്ചന്‍
|രാഷ്ട്രപതിയാകാനുള്ള യോഗ്യതയില്ലെന്ന് അമിതാഭ് ബച്ചന്‍.
രാഷ്ട്രപതിയാകാനുള്ള യോഗ്യത തനിക്കില്ലെന്ന് അമിതാഭ് ബച്ചന്‍. അടുത്ത രാഷ്ട്രപതിയായി അമിതാഭ് ബച്ചനെ ശിപാര്‍ശ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ബിഗ് ബി.
രാഷ്ട്രപതിയുടെ പദവി വലിയ ഉത്തരവാദിത്തമുള്ള ഒന്നാണ്. ആ പദവിയില്‍ ഇരിക്കാനുള്ള യോഗ്യത തനിക്ക് ഇല്ല. ഇങ്ങനെയൊരു വാര്‍ത്തയെ കുറിച്ച് എനിക്കറിയില്ല. ഈ ആവശ്യവുമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആരും തന്നെ സമീപിച്ചിട്ടുമില്ല. -ബച്ചന്‍ പറഞ്ഞു. രാഷ്ട്രീയം തനിക്ക് ശരിയാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയം കൂടാതെ മറ്റു പല വഴികളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേര് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നെന്ന് സമാജ‌്‌വാദി പാർട്ടി മുൻ നേതാവും ബച്ചൻ കുടുംബത്തിന്റെ അടുപ്പക്കാരനുമായ അമർ സിങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 'സീ ന്യൂസിന്' നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1984ല്‍ അലഹാബാദില്‍ നിന്ന് കോണ്‍ഗ്രസിനു വേണ്ടി ലോകസഭയിലേക്ക് മല്‍സരിച്ച് അമിതാഭ് ബച്ചന്‍ വിജയിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം അദ്ദേഹം രാജി വെക്കുകയും ചെയ്തു.