രാജി ബിഹാറിന്റെ താല്പര്യത്തിന് വേണ്ടി; നിതീഷ് കുമാര്‍
|തേജസ്വിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഴിമതി ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും നിതീഷ് വിശദീകരിച്ചു
ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി അഴിമതിക്കെതിരായ പോരാട്ടമെന്ന് നിതീഷ് കുമാർ. ബിഹാറിന്റെ താത്പര്യം അനുസരിച്ചാണ് രാജിയെന്നും ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക അസാധ്യമാണെന്നും നിതീഷ് മാധ്യമങ്ങളോടു പറഞ്ഞു.
അഴിമതിയോട് വിട്ടുവീഴ്ചയില്ല, അഴിമതിക്കെതിരേ പോരാടാൻ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാൻ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർ.ജെ.ഡി അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ നിതീഷ് അഴിമതി ആരോപണത്തിൽ കുരുങ്ങിയ തേജസ്വി യാദവിനെതിരേ പാർട്ടി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
തേജസ്വിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അഴിമതി ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും നിതീഷ് വിശദീകരിച്ചു.