India
ഹരിയാനയിലെ ജുനൈദ് വധക്കേസ് അട്ടിമറിക്കാൻ ശ്രമംഹരിയാനയിലെ ജുനൈദ് വധക്കേസ് അട്ടിമറിക്കാൻ ശ്രമം
India

ഹരിയാനയിലെ ജുനൈദ് വധക്കേസ് അട്ടിമറിക്കാൻ ശ്രമം

Subin
|
11 May 2018 8:50 AM GMT

അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗഷിക്കാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്.

ഹരിയാനയിലെ ജുനൈദ് വധകേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ സർക്കാർ അഭിഭാഷകനെതിരെ നടപടി എടുക്കാൻ ഉത്തരവ്. ഫരീദാബാദ് ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. കേസിലെ പ്രതികളെ സർക്കാർ അഭിഭാഷകൻ സഹായിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

ഹരിയാനയിലെ ബല്ലഭ് ഘഡ് സ്വദേശിയും വിദ്യാർത്ഥി യുമായ ജുനൈദ് ഖാന്‍ എന്ന 17 കാരൻ ഓടുന്ന ട്രെയിനിൽ വച്ച് വിദ്വേഷ കൊലപാതകത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി നേരത്ത ആരോപണം ഉയർന്നിരുന്നു. കേസ് പിൻവലിക്കാൻ ജുനൈദിന്‍റെ കുടുബത്തിന് മേൽ ഖാപ് പഞ്ചായത്ത് സമ്മർദ്ദം ചെലുത്തുന്നതായും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് കേസ് അട്ടിമറിക്കാൻ സർക്കാർ അഭിഭാഷകൻ തന്നെ ശ്രമിച്ചതായി കോടതി കണ്ടെത്തുന്നത്.

അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗഷിക്കാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. മുഖ്യ പ്രതിയായ നരേഷ്‌കുമാറിന്‍റെ അഭിഭാഷകനെ, സാക്ഷിവിസ്താരത്തിനിടെ നവീന്‍ കൗഷിക് സഹായിച്ചെന്ന് ഫരീദാബാദ് ജില്ലാ കോടതി ജഡ്ജി വൈ.എസ് റാത്തോഡ് വ്യക്തമാക്കി. കേസിൽ കഴിഞ്ഞ 23, 24 ദിവസങ്ങളില്‍ നടന്ന വിസ്താരത്തിനിടെ സാക്ഷികളോട് ചോദിക്കേണ്ട വിഷയങ്ങള്‍ നവീന്‍ കൗഷിക് പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു കൊടുത്തു.

ഹരിയാനാ സര്‍ക്കാരിന്‍റെ ഔദ്യോഗികനിയമോപദേശകനും വിവിധകേസുകളില്‍ കോടതിയില്‍ ഹാജരാവേണ്ട ആളുമാണ് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ എന്നിരിക്കെ കൗഷിക് ആ പദവി ദുരുപയോഗം ചെയ്തെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കൗശികിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ്ജസ്റ്റിസിനും ഹരിയാനാ അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫിസിനും പഞ്ചാബ്- ഹരിയാനാ ബാര്‍കൗണ്‍സിലിനും ജഡ്ജി കത്തെഴുതി.

സംഭവത്തില്‍ കൗഷികിനു കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്നും മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഹരിയാനാ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി.

Similar Posts