ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം: ഹൈക്കോടതി വിധിയുടെ സ്റ്റേ കാലാവധി ഇന്ന് അവസാനിക്കും
|ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്റ്റേ കാലാവധി ഇന്ന് അവസാനിക്കും
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്റ്റേ കാലാവധി ഇന്ന് അവസാനിക്കും. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളുടെ വാദമായിരിക്കും ഇന്ന് നടക്കുക. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് വിശാല ബഞ്ചിലേക്ക് വിടാനും സാധ്യതയുണ്ട്.
രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ വിധിപ്പകര്‍പ്പ് ലഭ്യമായില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്ത്തകി അറിയിച്ച സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്. വാമൊഴിയില്‍ പറഞ്ഞ ഉത്തരവ് എഴുത്ത് രൂപത്തില്‍ പുറത്തിറക്കും മുമ്പ് നടപ്പാക്കി തുടങ്ങിയെന്നും ഹരീഷ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് മന്ത്രിസഭ യോഗം വിളിച്ച് ചേര്‍ത്തുവെന്നും എജി കോടതിയെ അറിയിച്ചിരുന്നു.
ഉത്തരവിന്റെ പകര്‍പ്പ് പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ പോലും പരിഗണിക്കാന്‍ കഴിയില്ലെന്നും ഹരജി തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെക്കണമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മനു അഭിഷേഷ് സിംഗ്വി വാദിച്ചെങ്കിലും ഫലം കണ്ടില്ല.
ഹൈക്കോടതി ഉത്തരവിന്റെ ശരി തെറ്റുകളിലേക്ക് കടക്കാതെ എജിയുടെ വാദം പരിഗണിച്ച് താല്‍ക്കാലിക സ്റ്റേ നല്കാന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിടുകയായിരുന്നു. അതിനാല്‍ തന്നെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷമുള്ള വിശദവാദം കേള്‍ക്കുകയായിരിക്കും ഇന്ന് ചെയ്യുക. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് രണ്ടംഗ ബഞ്ചില്‍ നിന്നും വിശാല ബഞ്ചിലേക്ക് കേസ് വിടാനും സാധ്യയുണ്ട്. ഹൈക്കോടതി ഉത്തരവിനുളള സ്റ്റേ കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ താലിക്കാലിക സ്റ്റേ സ്ഥിരം സ്റ്റേയാക്കി മാറ്റുകയാണോ കാലാവധി നീട്ടുകയാണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും.