സംസ്ഥാന സര്‍ക്കാരിന്‍റെ മെഡിക്കല്‍ പ്രവേശ പരീക്ഷ അസാധുവായി; നീറ്റ് ഈ വര്‍ഷം തന്നെ
|പരീക്ഷ മെയ് 1നും ജൂലൈ 24 നും നടത്തണം. ഫലപ്രഖ്യാപനം ആഗസ്ത് 17ന് നടത്തണമെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു
മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശ പരീക്ഷ (നീറ്റ്) ഈ വര്‍ഷം തന്നെ നടത്തണമെന്ന് സുപ്രീം കോടതി. പരീക്ഷ മെയ് 1നും ജൂലൈ 24 നും നടത്തണം. ഫലപ്രഖ്യാപനം ആഗസ്ത് 17ന് നടത്തണമെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ മെഡിക്കല്‍ പ്രവേശ പരീക്ഷ അസാധുവായി.
രണ്ട് ഘട്ടമായി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) നടപ്പിലാക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം. മെയ് ഒന്നിനും ജൂലൈ 24നുമാകും പരീക്ഷകള്. മെയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യാ എന്‍ട്രന്‍സ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂലൈ 24ന് രണ്ടാംഘട്ടത്തില്‍ പരീക്ഷ എഴുതാം. രണ്ടു ഘട്ടങ്ങളിലെയും പരീക്ഷകളുടെ ഫലം ഏകോപിപ്പിച്ച് ആഗസ്ത് 17ന് പ്രസിദ്ധീകരിക്കും. സപ്തംബര്‍ 30ന് പ്രവേശനം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ഇത്തവണ മെഡിക്കല്‍ ബിരുദ പ്രവേശനത്തിന് മാത്രമാകും നീറ്റ് നടപ്പിലാക്കുന്നത്. സമയപരിമിതി മൂലം നീറ്റില്‍ പിജി കോഴ്‌സുകള്‍ അടുത്ത വര്‍ഷമേ ഉള്‍പ്പെടുത്തൂ.
മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുതുതായി വാദം കേള്‍ക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ചപ്പോള്‍ ഏകീകൃത പ്രവേശ പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഇന്ന് വാദം കേട്ട ശേഷം ഏകീകൃത പരീക്ഷ നടത്താന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.