ഏക ജഡ്ജിയും വിരമിച്ചതോടെ ചെന്നൈ ഹരിത ട്രിബ്യൂണല്‍ പ്രവര്‍ത്തനം നിലച്ചു
|പുതിയ ജഡ്ജിയെ നിയമിക്കാന്‍ വ്യവസ്ഥകള്‍ പ്രകാരം കാലതാമസമെടുക്കും
ഏക ജഡ്ജി കൂടി വിരമിച്ചതോടെ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. പുതിയ ജഡ്ജിയെ നിയമിക്കാന്‍ വ്യവസ്ഥകള്‍ പ്രകാരം കാലതാമസമെടുക്കും. ഹരിത ട്രിബ്യൂണലുകളോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണന കാരണം രാജ്യത്തെ അഞ്ച് ബെഞ്ചുകളുടെയും പ്രവര്‍ത്തനം അവതാളത്തിലാണ്.
ട്രിബ്യൂണലിലെ ഏക ജഡ്ജിയായ ശശിധരന്‍ നമ്പ്യാര്‍ ഇന്നലെയാണ് വിരിച്ചത്. രണ്ട് ജഡ്ജിമാരും ഒരു വിദഗ്ധ സമിതി അംഗവുമാണ് ട്രിബ്യൂണലില്‍ ഉണ്ടായിരുന്നത്. ഒരു ജഡ്ജിയും വിദഗ്ധ സമിതി അംഗവും ഒക്ടോബറില്‍ വിരമിച്ചു. പിന്നീട് നിയമനങ്ങള്‍ നടന്നില്ല. ശശിധരന്‍ നമ്പ്യാര്‍ കൂടി വിരമിച്ചതോടെ പ്രവര്‍ത്തനം നിലച്ചു. ഭരണപരമായ കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകുന്നതിനായി റജിസ്ട്രാര്‍ക്ക് ചാര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസുകള്‍ കേള്‍ക്കാനോ വിധി പറയാനോ ഇവര്‍ക്ക് അധികാരമില്ല. ലിസ്റ്റില്‍ വരുന്ന കേസുകള്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുക മാത്രമായിരിക്കും ഇനി ട്രിബ്യൂണലില്‍ നടക്കുക.
കോടതിയെ അനാഥമാക്കി പോകുന്നതില്‍ വേദനയുണ്ടെന്ന് വിടവാങ്ങല്‍ പ്രസംഗത്തിനിടെ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ പറഞ്ഞു. രാജ്യത്തുള്ള അഞ്ച് ട്രിബ്യൂണലുകളില്‍ കുറഞ്ഞത് 10 ജുഡീഷ്യല്‍ അംഗങ്ങളും 10 സാങ്കേതിക വിദഗ്ധരും ഒരു ചെയര്‍മാനുമാണ് വേണ്ടത്. നിലവില്‍ നാല് ജുഡിഷ്യല്‍ അംഗങ്ങളും രണ്ട് സാങ്കേതിക വിദഗ്ധരും മാത്രമെ ഉള്ളു. നാല് ജഡ്ജിമാരില്‍ ഒരാളാണ് ഗ്രീന്‍ ട്രിബ്യൂണലിന്റെ അധ്യക്ഷ. ഇവരും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള പ്രശ്നങ്ങളാണ് രാജ്യത്തെ ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നത്.