India
ജസ്റ്റിസ് ലോയയുടെ മരണവും ഇനിയും ചുരുളഴിയാത്ത ദുരൂഹതകളും..ജസ്റ്റിസ് ലോയയുടെ മരണവും ഇനിയും ചുരുളഴിയാത്ത ദുരൂഹതകളും..
India

ജസ്റ്റിസ് ലോയയുടെ മരണവും ഇനിയും ചുരുളഴിയാത്ത ദുരൂഹതകളും..

Sithara
|
11 May 2018 5:12 PM GMT

അമിത് ഷാ കുറ്റാരോപിതനായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കുടുംബത്തിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദം സുപ്രീംകോടതി ജഡ്ജിമാരുടെ അസാധാരണ പ്രതിഷേധത്തിലെത്തി നില്‍ക്കുകയാണ്

അമിത് ഷാ കുറ്റാരോപിതനായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കുടുംബത്തിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദം സുപ്രീംകോടതി ജഡ്ജിമാരുടെ അസാധാരണ പ്രതിഷേധത്തിലെത്തി നില്‍ക്കുകയാണ്. 2014ല്‍ നാഗ്പൂരില്‍ വെച്ച് മരിച്ച ജസ്റ്റിസ് ലോയയുടെ മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച കുടുംബത്തിന്‍റെ സംശയങ്ങള്‍ കാരവന്‍ മാഗസിനാണ് ആദ്യം പുറത്തുവിട്ടത്. ജഡ്ജിയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയാണ് മരണത്തിലെ ദുരൂഹത ആദ്യം തുറന്നുപറഞ്ഞത്. കുറ്റാരോപിതര്‍ക്ക് അനുകൂല വിധി പ്രസ്താവിക്കാന്‍ ലോയയ്ക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പിന്നീടുണ്ടായത്. കുടുംബത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ കേസില്‍ വാദം കേള്‍ക്കുന്ന കാലത്ത് ജസ്റ്റിസ് ലോയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തും ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ഉദയ് ഗവാരെ പറയുകയുണ്ടായി. രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തെറ്റായ വിധി പുറപ്പെടുവിക്കുന്നതിനേക്കാള്‍ നാട്ടില്‍ മടങ്ങിയെത്തി കൃഷി ചെയ്ത് ജീവിക്കാനാണ് താല്‍പര്യമെന്നും ജസ്റ്റിസ് ലോയ പറഞ്ഞതായി ഗവാരെ വെളിപ്പെടുത്തി.

മുംബൈയില്‍ സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. 2014 ഡിസംബര്‍ ഒന്നിനാണ് ലോയയുടെ കുടുംബത്തെ തേടി അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത എത്തിയത്. നവംബര്‍ 30ന് നാഗ്പൂരില്‍ സുഹൃത്തിന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി വന്ന ശേഷം രാത്രി അദ്ദേഹം ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. അടുത്ത ദിവസം രാവിലെ കുടുംബത്തെ തേടിയെത്തിയത് അദ്ദേഹത്തിന്‍റെ മരണ വാര്‍ത്തയാണ്. ജസ്റ്റിസ് ലോയ അന്തരിച്ചെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ലത്തൂരിലെ വീട്ടിലേക്ക് മൃതദേഹം അയച്ചിട്ടുണ്ടെന്നുമാണ് അറിയിപ്പ് ലഭിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കുടുംബത്തെ അറിയിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിസിനെ നാഗ്പൂരിലെ ദാന്തെ ആശുപത്രിയില്‍ ഓട്ടോറിക്ഷയില്‍ എത്തിച്ചെന്നും അവിടെ ഇസിജി യൂണിറ്റ് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും അപ്പോഴേക്കും മരിച്ചെന്നുമാണ് കുടുംബത്തെ അറിയിച്ചത്. എന്നാല്‍ ആശുപത്രിലെത്തിച്ച ഘട്ടത്തിലൊന്നും വീട്ടുകാരെ ആരും വിളിച്ച് വിവരം അറിയിച്ചില്ല. ആര്‍എസ്എസ് പ്രാദേശിക നേതാവായ ഈശ്വര്‍ ബഹേട്ടി ജസ്റ്റിസ് ലോയയുടെ പിതാവിനെ വിളിച്ച് മൃതദേഹം വീട്ടിലെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.

രാവിലെ 6.15നാണ് ലോയ മരിച്ചത് എന്നാണ് പൊലീസ് റെക്കോര്‍ഡുകളില്‍ ഉള്ളത്. എന്നാല്‍ ബഹേട്ടി പുലര്‍ച്ചെ അഞ്ച് മണിയോടെ മരണ വാര്‍ത്ത കുടുംബത്തെ അറിയിച്ചിരുന്നു. ബഹേട്ടി എങ്ങനെയാണ് ജഡ്ജിയുടെ മരണം അറിഞ്ഞതെന്നോ മൃതദേഹം വീട്ടിലെത്തിക്കാന്‍ ഇടപെട്ടതെന്നോ കുടുംബത്തിന് ഇപ്പോഴും വ്യക്തമല്ല. മരണം സംഭവിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞ് ജഡ്ജിയുടെ മൊബൈല്‍ ഫോണ്‍ കുടുംബത്തെ ഏര്‍പ്പിച്ചത് പൊലീസല്ല മറിച്ച് ബഹേട്ടിയാണ്. ഫോണിലെ മെസേജുകളും കോള്‍ വിശദാംശങ്ങളും ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു.

ലോയയുടെ മൃതദേഹം രാത്രി 11.30നാണ് വീട്ടിലെത്തിച്ചത്. നാഗ്പൂരിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നെങ്കിലും ഒരു സഹപ്രവര്‍ത്തകന്‍ പോലും മൃതദേഹത്തെ അനുഗമിച്ചില്ല. ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ജഡ്ജിയുടെ കഴുത്തിലും ഷര്‍ട്ടിലും രക്തക്കറയുണ്ടായിരുന്നു. പാന്റ്സിന്റെ ക്ലിപ്പ് പൊട്ടിയ നിലയിലായിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറ രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരുന്ന വ്യക്തിയെ കുറിച്ചും കുടുംബം സംശയം ഉന്നയിച്ചു. പിതൃബന്ധത്തിലുള്ള സഹോദരന്‍ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ അങ്ങനെയൊരു ബന്ധുവിനെ അറിയില്ലെന്ന് കുടുംബം പറയുന്നു. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ലോയയുടെ സഹപ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്തിയെന്നും സഹോദരി പറഞ്ഞു. മരണവാര്‍ത്തയുടെ ഞെട്ടലിലായിരുന്ന കുടുംബം അന്ന് ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല. വൈകാതെ അന്ത്യകര്‍മങ്ങള്‍ ചെയ്തു.

മരിക്കുന്ന സമയത്ത് ജസ്റ്റിസ് ലോയ പരിഗണിച്ചിരുന്നത് രാജ്യത്തെ ഞെട്ടിച്ച കേസുകളിലൊന്നായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസായിരുന്നു. സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ ബിജെപി അദ്ധ്യക്ഷനായിരുന്നു. 2005 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബിയെയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തട്ടിക്കൊണ്ടുപോകുകയും വെടിവെച്ച് കൊല്ലുകയും ചെയ്തത്. കേസിലെ ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയെയും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുജറാത്ത് പോലീസ് പിന്നീട് വധിച്ചിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതി ഇടപെട്ട് 2012ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് കേസ് മുംബൈയിലേക്ക് മാറ്റി. 2013 സെപ്തംബറില്‍ അമിത് ഷാ ഉള്‍പ്പെടെ 36 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2014 ജൂണ്‍ 6ന് കോടതിയില്‍ ഹാജരാകാതിരുന്നതിന് അമിത് ഷായെ ശാസിച്ച ജഡ്ജി ജെ ടി ഉത്പതിനെ ജൂണ്‍ 25ന് സ്ഥലം മാറ്റി. തുടര്‍ന്നാണ് ജസ്റ്റിസ് ലോയയെ നിയമിച്ചത്. കേസില്‍ അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്നതെന്തുകൊണ്ടെന്ന് ആരാഞ്ഞ ജസ്റ്റിസ് ലോയ കേസ് പരിഗണിക്കുന്നത് 2014 ഡിസംബര്‍ 15ലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കാനിരിക്കെയാണ് ഡിസംബര്‍ 1ന് ജസ്റ്റിസ് ലോയയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ലോയ മരിച്ച് ഒരു മാസത്തിനുള്ളില്‍ ഈ കേസില്‍ അമിത് ഷാക്കെതിരെ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

Similar Posts