രാജ്യത്തെ വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍ നടപ്പാക്കേണ്ടത് കേന്ദ്രമെന്ന് സുപ്രീം കോടതി
|വരള്‍ച്ച നേരിടാന്‍ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയും ദുരന്ത നിവാരണ നിയമവും നടപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സുപ്രീംകോടതി..
രാജ്യത്തെ വരള്‍ച്ച ബാധിത മേഖലകളില്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയെന്ന് സുപ്രീംകോടതി. ഫണ്ടില്ലെന്ന കാരണം കാണിച്ച് കേന്ദ്രത്തിന് പുകമറ സൃഷ്ടിക്കാനാവില്ലെന്നും തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ തുക അനുവദിക്കണമെന്നും കോടതി പറഞ്ഞു. വരള്‍ച്ച നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് കാണിച്ച് സ്വരാജ് അഭിയാന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് കോടതി വിധി.
രാജ്യത്തെ വരള്‍ച്ച നേരിടുന്നതിന് പലപ്പോഴായി നല്കിയ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്നും സുപ്രീംകോടതി കേന്ദ്രത്തിന് നല്‍കിയത്. തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം, ദുരന്തനിവാരണ നിയമം എന്നിവയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണ്. പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് വിതരണം ചെയ്യണം. ദുരന്ത നിവാരണ നിയമത്തിന് കീഴില്‍ രൂപീകരിക്കുന്ന സഹായനിധി തടസ്സങ്ങളില്ലാതെ അര്‍ഹതപ്പെട്ടവരിലെത്തിക്കണം. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ക്കണം. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി ഫലവത്തായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഫണ്ടില്ലെന്ന കാരണത്താല്‍ പുറമറ സൃഷ്ടിച്ച് കേന്ദ്രത്തിന് രക്ഷപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു.
വരള്‍ച്ച നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് കാണിച്ച് സ്വരാജ് അഭിയാന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് കോടതി വിധി. വരള്‍ച്ച നേരിടാന്‍ കേന്ദ്രം സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.