വിലവര്‍ധനക്കെതിരെ ഇതിഹാസങ്ങളെ ഉദ്ധരിച്ചുള്ള കേന്ദ്രമന്ത്രിയുടെ മറുപടി വിവാദമാകുന്നു
|പുരാണ ഇതിഹാസങ്ങളില്‍ പറയുന്ന ത്രേത, സത്യ യുഗങ്ങളില്‍ ചെയ്ത കാര്യങ്ങളുടെ ഫലം അപ്പപ്പോള്‍ ലഭിക്കും. പക്ഷെ ഈ കാലത്ത് നിങ്ങള്‍ ചെയ്തതിന്റെ ഫലം അനുഭവിക്കുക നിങ്ങളുടെ മക്കള്‍ക്കായിരിക്കും.അതിനാല്‍ വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളുടെ ഗുണം നാളത്തെ തലമുറക്കേ ലഭിക്കൂ
രാജ്യത്ത് പയറ് വര്‍ഗങ്ങളുടെ വില കുതിച്ചുയരുന്നതിന് കേന്ദ്ര കൃഷിമന്ത്രി പുരാണങ്ങളെ ഉദ്ധരിച്ച് നല്കിയ മറുപടി വിവാദമാകുന്നു. സത്യയുഗത്തിലും ത്രേത യുഗത്തിലും മനുഷ്യരുടെ നല്ല ചെയ്തികളുടെ ഗുണം അപ്പപ്പോള്‍ ലഭിക്കും. എന്നാല്‍ ഇക്കാലത്ത് ഇന്ന് ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഗുണം ഭാവിയിലേ ലഭിക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും മന്ത്രിക്ക് പറയാനുള്ളത് ഇതേ മറുപടി തന്നെ.
രാജ്യത്ത് പയറ്,പരിപ്പ് പോലുള്ള ധാന്യങ്ങളുടെ വില കഴിഞ്ഞ കുറേ നാളുകളായി കുതിച്ചുയരുകയാണ്. കിലോക്ക് 75 മുതല്‍ 180 രൂപ വരെയാണ് വിവിധ പയറ് വര്‍ഗങ്ങളുടെ വില നിലവാരം. ഇത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രിക്ക് പറയാനുള്ളത് ഇതായിരുന്നു.
പുരാണ ഇതിഹാസങ്ങളില്‍ പറയുന്ന ത്രേത, സത്യ യുഗങ്ങളില്‍ ചെയ്ത കാര്യങ്ങളുടെ ഫലം അപ്പപ്പോള്‍ ലഭിക്കും. പക്ഷെ ഈ കാലത്ത് നിങ്ങള്‍ ചെയ്തതിന്റെ ഫലം അനുഭവിക്കുക നിങ്ങളുടെ മക്കള്‍ക്കായിരിക്കും.അതിനാല്‍ വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളുടെ ഗുണം നാളത്തെ തലമുറക്കേ ലഭിക്കൂ എന്നാണ് മന്ത്രി പറഞ്ഞുവരുന്നത്.
കര്‍ഷക ആത്മഹത്യയെക്കുറിച്ച് ചോദിച്ചപ്പോഴും ഇതേ ഉദാഹരണം തന്നെ. കര്‍ഷക ആത്മഹത്യ സമീപകാലത്തൊന്നും അവസാനിക്കില്ല. മുന്‍ സര്‍ക്കാര്‍ തെറ്റ് ചെയ്തതിന്റെ തെറ്റുകളുടെ ഫലമാണ് അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനപ്രശ്നങ്ങള്‍, ലൈംഗിക ശേഷിക്കുറവ്, പ്രണയ നൈരാശ്യം തുടങ്ങിയ കാരണങ്ങളാലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് കഴിഞ്ഞ വര്‍ഷം രാധാ മോഹന്‍ സിംഗ് രാജ്യസഭയിലെ ചോദ്യത്തിനുത്തരമായി പറഞ്ഞത് വിവാദമായിരുന്നു.