അച്ഛന്റെ മരണാനന്തര നഷ്ടപരിഹാരത്തിന് കൈക്കൂലി ആവശ്യപ്പെട്ടു; ബാനറെഴുതി ബക്കറ്റ് പിരിവിനിറങ്ങി 15കാരന്‍
|തുക ലഭിക്കണമെങ്കില്‍ ആദ്യം 3000 രൂപ കൈക്കൂലി ലഭിക്കണമെന്നായി ഉദ്യോഗസ്ഥര്‍
തമിഴ്‍നാട് വില്ലാപുരം സ്വദേശിയായ 45 കാരന്‍ കോലാഞ്ജി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മരിച്ചത്. മരണാനന്തര ചടങ്ങുകളെല്ലാം കുടുംബം നടത്തിയത് കടംവാങ്ങിയ തുക കൊണ്ടായിരുന്നു. കോലാഞ്ജിയുടെ മരണത്തിനുള്ള നഷ്ടപരിഹാരതുക സര്‍ക്കാരില്‍ നിന്ന് ലഭ്യമായശേഷം കടംവീട്ടാമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി കോലാഞ്ജിയുടെ പതിനഞ്ചുകാരനായ മകന്‍ അജിത് അതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്.
കര്‍ഷകര്‍ക്കായുള്ള സാമൂഹികസുരക്ഷാപദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 12,500 രൂപ കോലാഞ്ജിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. എന്നാല്‍ തുക ലഭിക്കണമെങ്കില്‍ ആദ്യം 3000 രൂപ കൈക്കൂലി ലഭിക്കണമെന്നായി ഉദ്യോഗസ്ഥര്‍.
നിരാശനായ അജിത് വിവരങ്ങള്‍ എല്ലാം വിശദമായി എഴുതിയ ബാനറുമായി പിരിവിന് ഇറങ്ങുകയായിരുന്നു. കൈക്കൂലി കൊടുക്കാനായി പണം നല്‍കി സഹായിക്കണമെന്നായിരുന്നു ബാനറിലെ വാചകങ്ങള്‍തന്നെ. പണപ്പിരിവ് നടത്തുന്ന അജിതിന്റെ ഫോട്ടോയും വീഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യനെ തത് സ്ഥാനത്ത്നിന്ന് നീക്കിയിട്ടുമുണ്ട്.
അജിതിന് പ്രായപൂര്‍ത്തിയാവാത്തിനാല്‍ അജിതിന്റെ അമ്മയായ വിജയയുടെ പേരിലാണ് ചെക്ക് തയ്യാറാക്കിയിട്ടുള്ളത്. എത്രയും പെട്ടെന്ന് അത് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചതായി റവന്യൂഡിവിഷന്‍ ഓഫീസര്‍ സെന്താമരായി പറഞ്ഞു.