പണമില്ല; ചുള്ളിക്കമ്പുകള്‍, പാഴ്‍ കടലാസുകള്‍, ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍ ചേര്‍ത്ത് വെച്ച് ഭര്‍ത്താവ് ഭാര്യയ്ക്ക് ചിതയൊരുക്കി
|പണമില്ലെങ്കില്‍ ഭാര്യയുടെ മൃതദേഹം ഏതെങ്കിലും നദിയില്‍ എറിഞ്ഞുകളയാനാണ്
പൊതുശ്മശാനത്തില്‍ സംസ്കാരചടങ്ങുകള്‍ക്കായി അടയ്ക്കേണ്ട പണമില്ല, വിറക് വാങ്ങാനും പണമില്ല.. മധ്യപ്രദേശ് നീമുച്ചിലെ രത്തന്‍ഗാര്‍ഹ് സ്വദേശി ജഗദീഷ് ബില്ലിനോട് വില്ലേജ് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഭാര്യയുടെ മൃതദേഹം ഏതെങ്കിലും നദിയില്‍ എറിഞ്ഞുകളയാനാണ്. എന്നാല്‍ 65 കാരനായ ജഗദീഷിന് അതിന് മനസ്സുവന്നില്ല... തന്റെ പ്രിയതമ നജോ ഭായിയെ യാത്രയാക്കുന്നത് ആദരവോടെതന്നെയാകണമെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.
പരിഹാസങ്ങള്‍ക്കൊടുവില്‍ ഭാര്യയെ ഒറ്റയ്ക്ക് സംസ്‌കരിക്കുകയായിരുന്നു ജഗദീഷ്. ഗ്രാമത്തിലെ പഞ്ചായത്തില്‍ ഭാര്യയുടെ മരണം അറിയിച്ചപ്പോള്‍ 2500 രൂപയാണ് ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം സംസ്‌കാര ചടങ്ങുകള്‍ നടക്കില്ലെന്ന് പറയുകയായിരുന്നു.
ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാനാവശ്യമായ വിറക് ശേഖരിക്കാന്‍ തന്നെയായിരുന്നു അയാളുടെ തീരുമാനം. പക്ഷേ ഏതാനും ചുള്ളിക്കമ്പുകള്‍ കൊണ്ടുമാത്രം ആ മൃതദേഹത്തെ ദഹിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല.. പിന്നെ തെരുവില്‍ കിട്ടിയ എല്ലാ പാഴ്വസ്തുക്കളും ജഗദീഷ് പെറുക്കിക്കൂട്ടി.... പാഴ്‍ കടലാസുകള്‍, ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങി... കത്തുന്ന എല്ലാ സാധനങ്ങളും ജഗദീഷ് പെറുക്കിക്കൂട്ടി... മൂന്ന് മണിക്കൂറാണ് മാലിന്യം പെറുക്കാന്‍ ജഗദീഷ് ചെലവഴിച്ചത്.
ഗ്രാമത്തിലെ പലരോടും ജഗദീഷ് സഹായിക്കണമെന്ന് പറഞ്ഞു. പക്ഷേ സഹായവുമായി ആരും മുന്നോട്ട് വന്നില്ല. താന്‍ ശേഖരിച്ച പ്ലാസ്റ്റിക് കവറുകളും പേപ്പറുകളും ടയറുകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് ഭാര്യയുടെ മൃതദേഹം ഇട്ട് കത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ പഞ്ചായത്തില്‍ നിന്നും ആരും സഹായിച്ചില്ലെന്നും പണമില്ലെങ്കില്‍ ഭാര്യയുടെ മൃതശരീരം പുഴയില്‍ തള്ളാനാണ് ചിലര്‍ ഉപദേശിച്ചതെന്നും ജഗദീഷ് പറയുന്നു.
കഴിഞ്ഞ മാസം അവസാനത്തില്‍ 12 വയസ്സുകാരന്‍ ചികിത്സ ലഭിക്കാതെ കാണ്‍പൂരില്‍ മരിച്ചിരുന്നു. 200 മീറ്ററോളം മകനെ തോളിലേറ്റി പിതാവ് ഓടിയിട്ടും ആശുപത്രി അധികൃതര്‍ വേണ്ടത്ര സഹായം നല്‍കിയില്ല. കുട്ടികളുടെ വാര്‍ഡില്‍ എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പാണ് കുട്ടി മരിച്ച്. അതിനും കുറച്ച് ദിവസം മുന്‍പ് ഒഡീഷയിലെ യുവാവ് ഭാര്യയുടെ മൃതദേഹം തോളിലേറ്റി വന്നതും മാധ്യമങ്ങളില്‍ നിറഞ്ഞ നിന്ന വാര്‍ത്തയായിരുന്നു.