സോനാവാള്‍ അടക്കമുള്ളവര്‍ക്കായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഉള്‍ഫ
|അസംഗന പരിഷത്ത് നേതാക്കള്‍ക്കെതിരെയും ഉള്‍ഫ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്
അസമിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനാവാള്‍ അടക്കമുള്ളവര്‍ക്കായി നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയെന്ന് തീവ്രവാദ സംഘടനയായ ഉള്‍ഫ. ആള് അസം സ്റ്റുഡന്റ് യുണിയന്‍ നേതാവായിരിക്കെ സോനാവാളിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിദ്യാര്‍ത്ഥി നേതാവായിരുന്ന സൊരവ് ബോറയെ വധിച്ചതെന്ന് ഉള്‍ഫ വ്യക്തമാക്കി. അസംഗന പരിഷത്ത് നേതാക്കള്‍ക്കെതിരെയും ഉള്‍ഫ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.
നിയമ സഭാ തെരഞ്ഞടുപ്പ് ആസന്നമായ അസമില്‍ ഉള്‍ഫ ഇന്റിപെന്റന്റ് കമാന്‍ഡര്‍ ചീഫ് പരേഷ് ബോറയുടെ നേതത്വത്തിലുള്ള വിഭാമാണ് ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ കേന്ദ്രകായിക മന്ത്രിയും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ സര്‍ബനന്ദ സോനവാളിനെ ഓള് ആസാം വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ സഹായവും ചെയ്തിരുന്നതായി ഉള്‍ഫ വെളിപ്പെടുത്തുന്നു. ദിബ്രുഗാര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനേതാവായ സൗരവ് ബോറയെ 1986 മെയ് 27 ന് സോനാവാളിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വധിച്ചത്. കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര ശര്‍മ, മാധ്യമപ്രവര്‍ത്തക കമല കാളിത, സാമൂഹ്യപ്രവര്‍ത്തകന്‍ സഞ്ജയ് ഗോസ് എന്നിവരെ വധിച്ചത് ബിജെപി നേതാവ് ഹിമാനന്ദ ബിസ്വ ശര്‍മ്മയുടെ ആസൂത്രണപ്രകാരമായിരുന്നു .കൂടാതെ മുന്‍ മുഖ്യമന്ത്രിയും അസം ഗന പരിഷത്ത് നേതാവുമായിരുന്ന പ്രഫുല്ല കുമാര്‍ മഹാനന്ദയുടെ നിര്‍ദേശപ്രകാരം 1990കളില്‍ നിരവധി സ്വകാര്യ കൊലപാതകങ്ങളും നടത്തിയിരുന്നതായും ഉള്‍ഫ വെളിപ്പെടുത്തുന്നു. ഉള്‍ഫ ഇന്റിപെന്റന്റിന്റെ ഇ മെയില്‍ പ്രസ്താവനയെ ഉദ്ധരിച്ച് ടെലഗ്രാഫ് അടക്കമുള്ള ദേശീയ ദിന പത്രങ്ങളാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതേസമയം ആരോപണം സര്‍ബനന്ദ സോനവാള്‍ നിഷേധിച്ചു.