ബജറ്റില്‍ പ്രാമുഖ്യം ക്ഷേമപദ്ധതികള്‍ക്കെന്ന് സൂചന
|നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബജറ്റായിരിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിക്കുകയെന്ന് സൂചന.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബജറ്റായിരിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിക്കുകയെന്ന് സൂചന. നോട്ട് റദ്ദാക്കല്‍ നടപടി ഉണ്ടാക്കിയ അതൃപ്തി പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റലുണ്ടാകുമെന്നാണ് വിവരം. മധ്യവര്‍ഗത്തെ പ്രീതിപ്പെടുത്താന്‍ ആദായ നികുതി പരിധി വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുപ്രിം കോടതിയുടെ അംഗീകാരത്തോടെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉപാധികളോടെയുള്ള അനുമതിയോടെയുമാണ് ഫെബ്രവരി 1ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതുബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശമുള്ളതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന പൊതുപ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാവുക. കാര്‍ഷിക മേഖലക്ക് ആശ്വാസം പകരുന്ന നടപടികളാണ് ഇതില്‍ മുഖ്യം. സ്ത്രീകള്‍, യുവാക്കള്‍ എന്നിവരെ ആകര്‍ഷിക്കാനുള്ള ജനപ്രിയ പദ്ധതികളും ഉണ്ടായേക്കും. മധ്യവര്‍ഗ വോട്ടര്‍മാരെ ആകര്‍ഷിക്കാനും നോട്ട് റദ്ദാക്കല്‍ നടപടിയില്‍ മധ്യവര്‍ഗത്തിന് ഉണ്ടായിട്ടുള്ള അതൃപ്തി പരിഹരിക്കാന്‍ ആദായ നികുതി പരിധി വര്‍ദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.
ആദായ നികുതി പരിധി വര്‍ധിപ്പിക്കുമ്പോള്‍ സേവന നികുതിയുള്‍പ്പെടെ ഇതര നികുതികളില്‍ വര്‍ദ്ധനവ് കൊണ്ടുവരുമെന്നും ധനമന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ട് വന്ന ഡിജിറ്റല്‍ പണമിടപാട് വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിലെ മറ്റൊരു പ്രധാന ആകര്‍ഷണം.