മോദി കരുതുന്നതു പോലെ മുസ്‍ലിം ഭരണാധികാരകളല്ല, ബ്രിട്ടീഷുകാരാണ് ഇന്ത്യയെ കോളനിവല്‍ക്കരിച്ചത്: ശശി തരൂര്‍
|രാഷ്ട്രീയ അജണ്ടയ്ക്കുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കുകയാണ് ബിജെപിയെന്ന് ശശി തരൂര്‍
രാഷ്ട്രീയ അജണ്ടയ്ക്കുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കുകയാണ് ബിജെപിയെന്ന് ശശി തരൂര്‍. ബ്രിട്ടീഷുകാരാണ് ഇന്ത്യയെ കോളനിവത്കരിച്ചത്‍. എന്നാല്‍ മുസ്‍ലിം ഭരണാധികാരികളാണ് ഇന്ത്യയില്‍ നാശം കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ഭൂട്ടാനിലെ തിമ്പുവില്‍ മൗണ്ടെയ്ന്‍ ഇക്കോസ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് ശശി തരൂരിന്‍റെ പ്രതികരണം.
താന്‍ 200 വര്‍ഷം മുമ്പുള്ള വിദേശ ഭരണത്തെ കുറിച്ച് പറയുമ്പോള്‍ മോദി 1200 വര്‍ഷം മുമ്പുള്ള വിദേശ ഭരണത്തെകുറിച്ചാണ് സംസാരിക്കുന്നത്. ബ്രിട്ടീഷുകാര്‍ അവരുടെ രാജ്യത്തിന് വേണ്ടി നമ്മുടെ രാജ്യം കൊള്ളയടിക്കുകയായിരുന്നു. ആ പണം അവര്‍ അവരുടെ നാട്ടിലാണ് ചെലവഴിച്ചത്. മുസ്‍ലിം ഭരണാധികാരികളെയും അത്തരത്തിലുള്ള വിദേശ ശക്തിയായാണ് നരേന്ദ്ര മോദി കണക്കാക്കുന്നത്. എന്നാല്‍ താന്‍ മുസ്‍ലിം ഭരണത്തെ അത്തരത്തില്‍ കാണുന്നില്ല. മുസ്‍ലിം ഭരണാധികാരികള്‍ ഈ നാട് കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍ തന്നെ ആ പണമത്രയും ഈ നാട്ടില്‍ തന്നെയാണ് അവര്‍ ചെലവഴിച്ചത്. അവര്‍ മറ്റൊരു രാജ്യത്തേക്ക് കടത്തിയിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ചരിത്രത്തെ ആയുധമാക്കുന്നത് രാമജന്മഭൂമി പ്രശ്‌നം മുതല്‍ നമ്മള്‍ കാണുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. നിഷ്‌കളങ്കരായ മനുഷ്യരോട് അനീതി കാണിച്ച് തെറ്റുകള്‍ ആവര്‍ത്തിക്കുകയല്ല വേണ്ടതെന്നും തരൂര്‍ പറഞ്ഞു.