ബജ്റംഗദളിന്റെ ആയുധ പരിശീലന പരിപാടി: ഒരാള്‍ അറസ്റ്റില്‍
|ബജ്റംഗ്‍ദള്‍ നേതാവ് മഹേഷ് മിശ്രയെയാണ് ഫൈസാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്
ബജ്റംഗ്‍ദളിന്റെ ആയുധ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബജ്റംഗ്‍ദള്‍ നേതാവ് മഹേഷ് മിശ്രയെയാണ് ഫൈസാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന വിവിധ പാര്‍ട്ടികളുടെ പ്രതിഷേധം കനത്തതോടെയാണ് നടപടിയെടുക്കാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയിലാണ് യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ബജ്റംഗ്‍ദള്‍, പ്രവര്‍ത്തകര്‍ക്ക് സായുധ പരിശീലനം നല്‍കുന്ന ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടത്.
അഹിന്ദുക്കളില്‍ നിന്ന് ഹിന്ദു സഹോദരങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ ബജ്റംഗ്‍ദള്‍ സംഘടിപ്പിച്ചതാണ് പരിപാടിയെന്നായിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വിവിധ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. വിവാദം കനത്തതോടെ നടപടിയെടുക്കാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടത്തി എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഫൈസാബാദ് പൊലീസ് ബജ്റംഗ്‍ദള്‍ നേതാവ് മഹേഷ് മിശ്രയെ അറസ്റ്റ് ചെയ്യുകയും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്. യുപിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബിജെപി വര്‍ഗീയ ധ്രുവീകരണതതിന് ശ്രമിക്കുന്നത് എന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചത്.
അതേസമയം സ്വയം പ്രതിരോധ പരിശീലനത്തില്‍ തെറ്റില്ലെന്നും സ്വയം പ്രതിരോധിക്കാന്‍ കഴിയുന്നവര്‍ക്കെ രാജ്യത്തെ രക്ഷിക്കാനാകൂ എന്നുമാണ് യുപി ഗവര്‍ണര്‍ റാം നായികിന്റെ പ്രതികരണം. ബിജെപി എംപി സാക്ഷി മഹാരാജും യോഗി ആദിത്യനാഥും വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയിനും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ അഞ്ച് വരെ രാജ്യത്ത് പലയിടത്തും പരിശീലന പരിപാടി സംഘടിപ്പിക്കാനായിരുന്നു ബജ്റംഗ്‍ദളിന്റെ പരിപാടി.