പത്താന്‍കോട്ട് ആക്രമണത്തില്‍ പാക് സര്‍ക്കാരിന് പങ്കുണ്ടെന്ന് കണ്ടെത്താനായില്ല: എന്‍ഐഎ
|പത്താന്‍കോട്ട് ആക്രമണത്തില്‍ പാകിസ്താന് സര്‍ക്കാരിനോ, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ പങ്കുണ്ടെന്ന കാര്യം അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ലെന്ന് എന്‍ഐഎ തലവന്‍ ശരദ് കുമാര്‍.
പത്താന്‍കോട്ട് ആക്രമണത്തില്‍ പാകിസ്താന് സര്‍ക്കാരിനോ, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ പങ്കുണ്ടെന്ന കാര്യം അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ലെന്ന് എന്‍ഐഎ തലവന്‍ ശരദ് കുമാര്‍. ജെയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ ഇന്ത്യയിലെ അന്വേഷണം പൂര്‍ത്തിയായെന്നും, പാകിസ്താനില്‍ നടത്തേണ്ട അന്വേഷണത്തിനായുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി ഇന്ത്യയില്‍ നിന്ന് നടത്തേണ്ട എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയാക്കി. എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ ആക്രമണത്തില്‍ പാക് സര്‍ക്കാരിനോ, ഐഎസ്ഐ ഉള്‍പ്പെടേയുള്ള പാക് ഏജന്‍സികള്‍ക്കോ നേരിട്ട് പങ്കുണ്ട് എന്ന തരത്തിലുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരദ് കുമാര്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭുമുഖത്തില്‍ പറയുന്നത്. പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ശെ മുഹമ്മദാണ് ആക്രമണത്തിന് പിന്നില്‍. ജെയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസറിനും, സഹോദരന് റഊഫ് അസറിനുമെതിരായ ശക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ പാക് സര്‍ക്കാരോ, സര്‍ക്കാര്‍ ഏജന്‍സികളോ ജെയ്ശെ മുഹമ്മദിനെ സഹായിച്ചു എന്ന് പറയാനാകില്ല. അതേസമയം, കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എന്‍ഐഎക്ക് പാകിസ്താന് സന്ദര്‍ശിക്കേണ്ടതുണ്ട്. ഇതിനുള്ള അനുമതി പാകിസ്താന് ഇതുവരെ നല്‍കിയിട്ടില്ല. പാകിസ്താന് അനുമതി നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ശരദ് കുമാര്‍ അറിയിച്ചു.