India
അസമില്‍ തീവ്രവാദി ആക്രമണം: 13 മരണംഅസമില്‍ തീവ്രവാദി ആക്രമണം: 13 മരണം
India

അസമില്‍ തീവ്രവാദി ആക്രമണം: 13 മരണം

Subin
|
13 May 2018 5:17 AM GMT

ആക്രമണത്തിന് പിന്നില്‍ ബോഡോ തീവ്രവാദികളാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

അസമിലെ കൊക്രജാറില്‍ തീവ്രവാദി ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ പൊലീസ് വധിച്ചു. ആക്രമണത്തിന് പിന്നില്‍ ബോഡോ തീവ്രവാദികളാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് കൊക്രജാറില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ ബലസാന്‍ ആഴ്ച ചന്ത മാര്‍ക്കറ്റില്‍ തീവ്രവാദ ആക്രമണം നടന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ പത്തംഗ സംഘം മാര്‍ക്കറ്റില്‍ ഗ്രനേഡ് ഉപയോഗിച്ച് സ്ഫോടനം നടത്തിയ ശേഷം ജനക്കൂട്ടത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. എകെ 47 അടക്കമുള്ള ആയുധങ്ങളുമായായിരുന്നു ആക്രമണം. അര മണിക്കൂറോളം തീവ്രവാദികള്‍ മാര്‍ക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗ്രനേഡ് ആക്രമണത്തില്‍ 3 കടകള്‍ തകര്‍ന്നു. പൊലീസും സൈന്യവും സ്ഥലത്തെത്തി തീവ്രവാദികളെ നേരിട്ടതോടെ അടുത്തുള്ള വനമേഖലയിലേക്ക് തീവ്രവാദികള്‍ രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് സോങ്ബിജിത്ത് വിഭാഗം ആണെന്ന് അസം ഡിജിപി പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തീവ്രവാദത്തെ ശക്തമായി നേരിടുമെന്നും മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതായും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും അസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ദേശീയ സുരക്ഷ ഏജന്‍സിയുടെ പ്രത്യേകസംഘം അസമിലെത്തി. 2012 ലും 2014 ലും മേഖലയില്‍ ബോഡോ തീവ്രവാദികള്‍ സമാനമായ കൂട്ടക്കൊല നടത്തിയിരുന്നു.

Related Tags :
Similar Posts