കശ്മീരില്‍ സൈന്യവും ജനക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു
|ഈദ് ദിനത്തിനോടനുബന്ധിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കണ്ട് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് കശ്മീരിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്
കശ്മീരില്‍ സൈന്യവും ജനക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഈദ് ദിനത്തിനോടനുബന്ധിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കണ്ട് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് കശ്മീരിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഈദ് ദിനത്തില്‍ സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്
കഴിഞ്ഞ അറുപത്തിയാറ് ദിവസമായി കശ്മീരില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതീക്ഷാ വഹമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല... ഈദ് ദിനത്തിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ കശ്മീരിലെ ജനങ്ങള്‍ വൈകാരികമായാണ് കാണുന്നത്. രാവിലെ എട്ടരയോടെയാണ് സംസ്ഥാനത്താകമാനം ഈദ് നമസ്കാരം നടക്കുന്നത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ താറുമാറായിട്ട് ദിവസങ്ങളായി. പലസ്ഥലത്തും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന അവസ്ഥയാണ്.
ഈദ് ദിനത്തിന് മുന്‍പ് കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷയായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്.എന്നാല്‍ നിലവില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ് ഉണ്ടായത്. എല്ലാ ജില്ലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായി. യു എന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്താന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് നമസ്കാര സമയം ഏകീകരിച്ചത്. മാര്‍ച്ചില്‍ പ്രശ്നങ്ങളുണ്ടായേക്കാമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസവും പൂഞ്ച് മേഖലയില്‍ വെടിവെപ്പുണ്ടായത് സമാധാന ശ്രമങ്ങളില്‍ കരിനിഴല്‍ വീഴ്തിയിട്ടുണ്ട്.