98 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ തട്ടിയെടുത്ത സ്റ്റണ്ട് മാസ്റ്റര്‍ പൊലീസ് വലയില്‍ കുടുങ്ങി
|ഷാറൂഖ് ഖാന്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ് തുടങ്ങി പ്രമുഖര്‍ക്കായി സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യാറുള്ള വ്യക്തിയാണ് ഷംസേര്‍ ഖാന്
98 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ തട്ടിയെടുത്ത് കടന്നു കളയാന്‍ ശ്രമിച്ച സ്റ്റണ്ട് മാസ്റ്റര്‍ നാല് മണിക്കൂറിനകം പൊലീസിന്റെ വലയിലായി. ബോളിവുഡില്‍ പല പ്രമുഖ നടന്മാര്ക്കുമായി സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യാറുള്ള ഷംസേര്‍ ഖാനാണ് യഥാര്‍ഥ ജീവിതത്തിലും വില്ലനാകാന്‍ ശ്രമിച്ച് വലയിലായത്. ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ കാറുമായി കടന്നു കളയാനായിരുന്നു ഇയാളുടെ ശ്രമം. ഷാറൂഖ് ഖാന്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ് തുടങ്ങി പ്രമുഖര്‍ക്കായി സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യാറുള്ള വ്യക്തിയാണ് ഷംസേര്‍ ഖാന്.
വൊര്‍ളിയില്‍ ട്രാഫിക് പൊലീസ് ആസ്ഥാനത്തിനു സമീപമുള്ള ഒരു വിഐപി ഫ്ലാറ്റില്‍ നിന്നുമായിരുന്നു ഷംസേര്‍ കാര്‍ തട്ടിയെടുത്തത്. 98 ലക്ഷം രൂപ വിലമതിക്കുന്ന ഓഡി എ8 കാര്‍ തട്ടിയെടുത്ത ശേഷം മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു ഖാന്റെ ചുമതല. ഇതിന് പ്രതിഫലമായി രണ്ട് ലക്ഷം രൂപയും ഇയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
മുന്‍ നിശ്ചയപ്രകാരം പുലര്‍ച്ചെ ഒരു മണിക്ക് അപ്പാര്‍ട്ട്മെന്റിലെത്തിയ ഖാന് കാറുമായി നവി മുംബൈ ലക്ഷ്യമാക്കി നീങ്ങി. മോഷണത്തെ കുറിച്ച് അറിഞ്ഞ കുര്‍ള പൊലീസ് അതിവേഗം നീങ്ങിയതോടെയാണ് പദ്ധതി പൊളിഞ്ഞത്. കുര്‍ളയിലെ കപാഡിയ നഗറില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ സ്റ്റണ്ട് മാസ്റ്ററെ കാത്ത് പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. സാഹസിക രംഗങ്ങളില്‍ തിളങ്ങുന്ന വ്യക്തിയായതിനാല്‍ മുന്‍ കരുതലോടെയാണ് പൊലീസ് നീങ്ങിയത്. തന്റെ പിതാവിന്റെ കാറാണെന്ന് ആദ്യം അവകാശപ്പെട്ട ഖാന് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. കൃത്യത്തിന് തന്നെ നിയോഗിച്ചവരുടെയും സഹായികളുടെയും പേരുകളും ഇയാള്‍ കൈമാറി. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു