India
നിയന്ത്രണരേഖയില്‍ ഇന്ത്യ പ്രകോപനമുണ്ടാക്കുന്നുവെന്ന് പാകിസ്താന്‍നിയന്ത്രണരേഖയില്‍ ഇന്ത്യ പ്രകോപനമുണ്ടാക്കുന്നുവെന്ന് പാകിസ്താന്‍
India

നിയന്ത്രണരേഖയില്‍ ഇന്ത്യ പ്രകോപനമുണ്ടാക്കുന്നുവെന്ന് പാകിസ്താന്‍

Khasida
|
13 May 2018 5:49 AM GMT

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും പാകിസ്താനും ഒരുപോലെ പരിശ്രമിക്കണമെന്ന് യുഎസും ചൈനയും.

നിയന്ത്രണരേഖയില്‍ ഇന്ത്യ പ്രകോപനമുണ്ടാക്കുന്നുവെന്ന് പാകിസ്താന്‍. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് പാക് സൈനികര്‍ മരിച്ചതായും പാകിസ്താന്‍. കഴിഞ്ഞ 24 മണിക്കൂറില്‍ നിയന്ത്രണരേഖയിലെ നാലിടങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും പാകിസ്താന്‍ പറയുന്നു.

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും പാകിസ്താനും ഒരുപോലെ പരിശ്രമിക്കണമെന്ന് യുഎസും ചൈനയും. രാജ്യത്തിനകത്തെ ഭീകരവാദം അവസാനിപ്പിക്കുന്നതിന് പാകിസ്താന്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. ഡല്‍ഹിയില്‍ നടക്കേണ്ട ഉന്നതതല യോഗം മാറ്റിവെച്ചു

രാജ്യത്തിനകത്തെ ഭീകരവാദം അവസാനിപ്പിക്കുന്നതിന് പാകിസ്താന്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ സൂസന്‍ റൈസ് ഇന്ത്യന്‍ പ്രതിനിനിധി അജിത് ഡോവലുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് അമേരിക്കയുടെ നിലപാട് അറിയിച്ചത്. ഐക്യരാഷ്ട്ര സഭ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ പാകിസ്താന്‍ തയ്യാറാകണം. ഉറി ആക്രമണത്തെ യുഎസ് ശക്തമായി അപലപിക്കുന്നുവെന്നും സൂസന്‍ റൈസ് പറഞ്ഞു. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും പാകിസ്താനും ഒരു പോലെ പരിശ്രമിക്കണമെന്ന് യുഎസും ചൈനയും ആവശ്യപ്പെട്ടു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാര്‍ക് ഉച്ചകോടി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണം.

പാകിസ്താന് നല്‍കിയ ഉറ്റരാഷ്ട്ര പദവി പിന്‍വലിക്കുന്നത് ആലോചിക്കുന്നതിനായുള്ള ഉന്നതതല യോഗം ചേരുന്നത് മാറ്റിവെച്ചു. പാകിസ്താനെതിരായ നയതന്ത്രനീക്കം ശക്തമാക്കിയതിന്റെ ഭാഗമായാണ് പദവി പിന്‍വലിക്കാന്‍ ഇന്ത്യ നീക്കം ആരംഭിച്ചത്.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരായ നീക്കത്തിന്റെ ഭാഗമായാണ് ഉറ്റ രാഷ്ട്ര പദവി പിന്‍വലിക്കാന്‍ ആലോചനകള്‍ നടന്നത്. 1996 ലാണ് ഇന്ത്യ പാകിസ്താന് ഉറ്റരാഷ്ട്ര പദവി നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദവി നല്‍കിയത്. വാണിജ്യപരമായ നേട്ടങ്ങള്‍ ഇരു രാജ്യങ്ങളും തുല്യമായി പങ്കെട്ടെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയും പാകിസ്താനുമായി 2.67 ബില്യണ്‍ ഡോളറിന്റെ വ്യാപാര ഇടപാട് മാത്രമാണ് നടക്കുന്നത്. ഇത് ആകെ വ്യാപാര ഇടപാടിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ നീക്കം പ്രതീകാത്മകം മാത്രമായിരിക്കും.

പാകിസ്താന്‍ ഇതുവരെ ഇന്ത്യക്ക് ഉറ്റരാഷ്ട്ര പദവി നല്‍കിയിട്ടുമില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയ ശേഷം ഇതിനായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യ-പാക് ജലകൈമാറ്റ കരാറില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഇന്ത്യ നീക്കം നടത്തിയിരുന്നെങ്കിലും അന്താരാഷ്ട്ര കരാര്‍ പിന്‍വലിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചിരുന്നു.

Similar Posts