അഞ്ച് കോടി സൈന്യത്തിന് നല്‍കിയാല്‍ പാക് താരങ്ങളുള്ള സിനിമ റിലീസ് ചെയ്യാമെന്ന് എം.എന്‍.എസ്
|പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യണമെന്ന എംഎന്‍എസിന്റെ നിബന്ധന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അംഗീകരിച്ചു
പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ 'ഏ ദില്‍ ഹേ മുഷ്‌കില്‍' റിലീസ് ചെയ്യാനുള്ള ധാരണയായി. ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധിച്ച എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും ചിത്രത്തിന്റെ നിർമാതാവായ കരൺ ജോഹറുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണിത്. പാക് താരം ഫവദ് ഖാന്‍, രൺബീർ കപൂർ, ഐശ്വര്യ റായി ബച്ചൻ, അനുഷ്ക ശർമ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം, ദീപാവലിക്കു മുന്നോടിയായി ഒക്ടോബർ 28നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യണമെന്ന എംഎന്‍എസിന്റെ നിബന്ധന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അംഗീകരിച്ചു. കൂടാതെ ഇനിയുള്ള ചിത്രങ്ങളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കുകയില്ലെന്നും സിനിമയ്ക്ക് മുന്‍പ് ജവാന്മാരെ അനുസ്മരിച്ച് സന്ദേശം പ്രദര്‍ശിപ്പിക്കാമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ സമ്മതിച്ചു.
പാക്കിസ്ഥാനി താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും സ്വന്തം സിനിമയിൽ സഹകരിപ്പിച്ചവർ അഞ്ചു കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നൽകേണ്ടിവരുമെന്ന് ചർച്ചയ്ക്കുശേഷം പുറത്തിറങ്ങിയ രാജ് താക്കറെ പ്രതികരിച്ചു. ഇന്ത്യൻ ചാനലുകൾക്ക് പാക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ അവിടെ നിന്നുള്ള താരങ്ങൾക്ക് നാം ഇവിടെ സ്വീകരണം നൽകുന്നതിൽ എന്തു യുക്തിയാണുള്ളതെന്നും രാജ് താക്കറെ ചോദിച്ചു.
പാക് താരം മാഹിറാ ഖാന്‍ നായികയായെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം റയീസിന്റെ നിര്‍മാതാക്കളും ചിത്രം പുറത്തിറക്കണമെങ്കില്‍ സമാനമായ തുക നഷ്ടപരിഹാരമായി അടയ്‌ക്കേണ്ടി വരും.