500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തി പത്രം; അതും ഏഴുമാസം മുമ്പ്
|അതീവ രഹസ്യമായുള്ള കേന്ദ്രനീക്കം എങ്ങനെ ഇത്ര കൃത്യമായി കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പത്രം റിപ്പോര്‍ട്ടു ചെയ്തു?
500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത് വെറും രണ്ടുദിവസം മുമ്പ് രാത്രിയിലാണ്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ആദ്യ വാര്‍ത്ത കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഗുജറാത്തില്‍ നിന്ന് പുറത്തിറങ്ങുന്ന അകിലയെന്ന പത്രത്തിലാണ് വാര്‍ത്ത വന്നത്. അതീവ രഹസ്യമായുള്ള കേന്ദ്രനീക്കം എങ്ങനെ ഇത്ര കൃത്യമായി കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പത്രം റിപ്പോര്‍ട്ടു ചെയ്തു എന്ന അങ്കലാപ്പിലാണ് വാര്‍ത്ത ലോകം.
500,100 കറന്‍സി നോട്ടുകളുടെ വിനിമയം അവസാനിപ്പിക്കാന്‍ തീരുമാനം- എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത. കളളപ്പണത്തിനും അഴിമതിയ്ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. വാഗ്ദാനം നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പായിട്ടാണ് 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നത് -എന്നായിരുന്നു വാര്‍ത്തയുടെ സംഗ്രഹം.
500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും അകിലയുടെ വാര്‍ത്തയില്‍ പറയുന്നു. രാജ്യത്തെ കള്ളപ്പണ്ണത്തിന്റെ അളവ് തടയാനും കള്ളനോട്ട് നിയന്ത്രിക്കാനുമാണ് നടപടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിലൂടെ ഭീകരവാദം തടയാനാകുമെന്നും പത്രം പ്രതീക്ഷ പുലര്‍ത്തുന്നു.
കുറച്ച് ദിവസത്തേക്ക് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേന നടത്തണമെന്നും എ.ടി.എമ്മുകളില്‍ നിന്ന് 18-ാം തീയതി വരെ 2000 രൂപ വരെ പിന്‍വലിക്കാനുള്ള അനുമതി മാത്രമാണുള്ളത് എന്നൊക്കെയുള്ള അതീവ സാമ്യമുള്ള നിര്‍ദേശങ്ങളും ഏഴുമാസം മുമ്പത്തെ പത്ര വാര്‍ത്തയിലുണ്ട്. വരും ദിവസങ്ങളില്‍ പണമിടപാടുകള്‍ക്ക് ചില നിബന്ധനകളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി അകില ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടര്‍ കിരിത്ത് ഗണത്ര രംഗത്തെത്തിയിട്ടുണ്ട്. ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന സ്പൂഫ് വാര്‍ത്തകളുടെ ഗണത്തിലാണ് പത്രം ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയതെന്നും എന്നാല്‍ ഏവരേയും അതിശയിപ്പിച്ച് സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ പ്രഖ്യാപിക്കുകയായിരുന്നു കിരിത്ത് പറയുന്നു. കള്ളപ്പണത്തിനെതിരായി നടപടികള്‍ വരുമെന്ന് ജനങ്ങള്‍ കുറച്ചുകാലമായി പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുമെന്നതിനാലാണ് ഏപ്രില്‍ ഫൂളിനോടുനുബന്ധിച്ച് വാര്‍ത്ത നല്‍കിയയെതന്നും കിരിത്ത് വിശദീകരിക്കുന്നു.