പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍ പാക് സംഘം ഇന്ത്യയില്‍
|ആദ്യമായാണ് ഭീകരവാദക്കേസ് അന്വേഷിക്കുന്നതിന് വേണ്ടി പാക് സംഘം ഇന്ത്യയിലെത്തുന്നത്.
പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍ പാക് ഉദ്യോഗസ്ഥ സംഘം ഇന്ത്യയിലെത്തി. നാളെ മുതല്‍ അന്വേഷണം ആരംഭിക്കും. ആദ്യമായാണ് ഭീകരവാദക്കേസ് അന്വേഷിക്കുന്നതിന് വേണ്ടി പാക് സംഘം ഇന്ത്യയിലെത്തുന്നത്.
രാവിലെ 11.30ഓട് കൂടിയാണ് അഞ്ചംഗ പാക് സംഘം ഡല്‍ഹിയിലെത്തിയത്. അക്രമത്തില്‍ ജയ്ഷെ ഇ മുഹമ്മദ് ഭീകര്‍ക്കുള്ള പങ്ക് അന്വേഷിക്കുകയാണ് പ്രധാന ദൌത്യം. ഇതു സംബന്ധിച്ച് പാക് സംഘത്തിന് ഇന്ത്യ കൂടുതല്‍ വിവരങ്ങള്‍ കൈമാറും. നാളെ എന്‍ഐഎ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മറ്റന്നാളാണ് പാക് സംഘം പത്താന്‍ കോട്ട് സന്ദര്‍ശിക്കുക. അക്രമമുണ്ടായ വ്യോമസേന താവളത്തിന്‍റെ ടെക്നിക്കല്‍ ഏരിയയിലേക്ക് ഇവര്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അക്രമമുണ്ടായ ഇടങ്ങളില്‍ പാക് സംഘം തെളിവെടുപ്പ് നടത്തും. അക്രമത്തില്‍ പരിക്കേറ്റ സൈനികരില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടു പോയ ശേഷം വിട്ടയച്ചു എന്ന് പറയപ്പെടുന്ന ഗുരുദാസ് പൂര്‍ എസ് പി സല്‍വിന്ദര്‍ സിംഗ്, പാചകക്കാരന്‍ മദന്‍ ഗോപാല്‍ തുടങ്ങിയവരില്‍ നിന്നും പാക് സംഘം മൊഴിയെടുക്കും.
ജനുവരി രണ്ടിനായിരുന്നു പത്താന്‍കോട്ടിലെ ഭീകരാക്രമണം. അന്വേഷണത്തിന് പാക് സംഘം ഇന്ത്യലെത്തുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമായത്.