ഉത്തരാഖണ്ഡില്‍ ഇന്ന് നടത്താനിരുന്ന വിശ്വാസ വോട്ടെടുപ്പ് കോടതി റദ്ദാക്കി
|ഉത്തരാഖണ്ഡ് നിയമസഭയില്‍ ഇന്ന് നടത്താനിരുന്ന വിശ്വാസ വോട്ടെടുപ്പ് ഹൈക്കോടതി റദ്ദാക്കി
ഉത്തരാഖണ്ഡ് നിയമസഭയില്‍ ഇന്ന് നടത്താനിരുന്ന വിശ്വാസ വോട്ടെടുപ്പ് ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. കേസ് വീണ്ടും വാദം കേള്‍ക്കുന്നതിനു വേണ്ടി ഏപ്രില്‍ 6 ലേയ്ക്ക് മാറ്റിവെച്ചു.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കഴിഞ്ഞ ദിവസം കോടതി തീരുമാനിച്ചത്. അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാര്‍ക്കും വോട്ടു ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരും വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും കോടതിയെ വീണ്ടും സമീപിയ്ക്കുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നും അതുകൊണ്ട് നിയമപരമായി ഒരു പ്രയോജനവുമില്ലെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുല്‍ റോത്താഗി കോടതിയില്‍ പറഞ്ഞു. വാദം പരിഗണിച്ച കോടതി വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. ഇതിന് ഒരാഴ്ച സമയം അനുവദിച്ച കോടതി കേസ് വീണ്ടും വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 6 ലേയ്ക്ക് മാറ്റി. കോടതി ഉത്തരവില്‍ സംതൃപ്തിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ മുകുല്‍ റോത്തഗി പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ഭൂരിപക്ഷം തെളിയിയ്ക്കാനാവുമെന്ന് ആത്മവിശ്വാസമുള്ള കോണ്‍ഗ്രസിന് കോടതി ഉത്തരവ് തിരിച്ചടിയായി.