കശ്മീരിലെ മധ്യസ്ഥ ചര്‍ച്ചകള്‍ സൈനികനീക്കത്തിന് തടസമാകില്ലെന്ന് ബിപിന്‍ റാവത്ത്
|കശ്മീര്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ക്കായി മധ്യസ്ഥനെ നിയോഗിച്ചത് സൈന്യത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്.
കശ്മീര്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ക്കായി മധ്യസ്ഥനെ നിയോഗിച്ചത് സൈന്യത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. തണുപ്പ് കാലത്തെ നുഴഞ്ഞുകയറ്റം തടയാനായി അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ പ്രശ്നപരിഹാരത്തിനായി വിഘടനവാദികള്‍ അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം മുന്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ദിനേശ്വര്‍ ശര്‍മ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ സൈന്യത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ആര്‍മി ചീഫ് ബിപിന്‍ റാവത്ത് വ്യക്തമാക്കി. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളോടും തീവ്രവാദ പ്രവര്‍ത്തനങ്ങളോടും ശക്തമായ സൈനിക നടപടി സ്വീകരിച്ചതാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നും ബിപിന്‍ റാവത്ത് വിശദീകരിച്ചു.
കശ്മീരിലെ നുഴഞ്ഞുകയറ്റം നിയന്ത്രണവിധേയമാണ്. അതേസമയം മഞ്ഞുകാലത്ത് വടക്ക് പടിഞ്ഞാറ് അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറ്റത്തിന് സാധ്യതയേറെയാണെന്നതിനാല്‍ നിരീക്ഷണം ശക്തമാക്കുമെന്നും സൈനിക മേധാവി അറിയിച്ചു. ഇതിനായി അത്യാധുനിക ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി.