ഐഎസ് നരകത്തിലെ നായകളുടെ സേനയെന്ന് ഉവൈസി
|ഐഎസിനെതിരെ ആഞ്ഞടിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.
ഐഎസ് ഭീകരതക്കെതിരെ ആഞ്ഞടിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്‍ലിം യുവാക്കള്‍ ഇസ്‍ലാമിനു വേണ്ടി ജീവിക്കണമെന്നും അല്ലാതെ മരിക്കരുതെന്നും ഉവൈസി പറഞ്ഞു. ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ ഒരുമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഹൈദരാബാദില്‍ നടന്ന ഒരു പൊതു ചടങ്ങിലായിരുന്നു ഉവൈസിയുടെ പരാമര്‍ശം.
നരകത്തിലെ നായകളുടെ സൈന്യമാണ് ഐഎസ് എന്നും അതിന്റെ നേതാക്കളെ നൂറു കഷ്ണങ്ങളായി നുറുക്കണമെന്നും ഉവൈസി പറഞ്ഞു. എന്നാണോ അവരെ ജീവനോടെ പിടികൂടുന്നത്, അതിനു ശേഷം അവരുടെ സ്വന്തക്കാര്‍ക്ക് അവരുടെ ഒരു എല്ല് പോലും കിട്ടില്ലെന്നും ഉവൈസി മുന്നറിയിപ്പ് നല്‍കി. ഇത് നമ്മുടെ രാജ്യമാണ്. അതിനാല്‍ ഐക്യത്തോട് കൂടി നിലനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഐഎസ്. മുസ്‍ലിം സമൂഹത്തിനും ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അതുകൊണ്ട് തന്നെ പ്രലോഭനങ്ങളില്‍ വീഴാതെ അവരില്‍ നിന്നു അകന്നുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാചകന്റെ പള്ളി ആക്രമിച്ചവര്‍ ഇസ്‍ലാമിന്റെ ശത്രുക്കളുടെ ആയുധമാണ്. പാവങ്ങളുടെ വേദന മനസിലാക്കിയും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചുമാണ് ജിഹാദ് നടത്തേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.