ഒവൈസിയുടെ പാര്‍ട്ടിയുടെ രജിസ്ട്രേഷന് തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി
|പാർട്ടിക്ക് മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇനി മൽസരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.
അസദുദീന് ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് പാര്‍ട്ടിയുടെ രജിസ്ട്രേഷന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി. പാർട്ടിക്ക് മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇനി മൽസരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. രജിസ്ട്രേഷനാവശ്യമായ രേഖകള്‍ ഹാജരാക്കിയില്ലെന്നു കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകാരം റദ്ദാക്കിയത്. ആദായ നികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു നിരവധി തവണ നോട്ടീസുകള്‍ അയച്ചിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് രജിസ്ട്രേഷന് റദ്ദാക്കുന്നതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് പാര്‍ട്ടിക്കു പുറമേ മറ്റു 191 പാര്‍ട്ടികളുടെ കൂടി രജിസ്ട്രേഷന് റദ്ദാക്കിയിട്ടുണ്ട്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ അടിത്തറ ഉറപ്പിക്കാനൊരുങ്ങവെയാണ് ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചടി ലഭിച്ചിരിക്കുന്നത്. അതേസമയം, ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്ന് പാർട്ടിയുടെ ഔറംഗബാദിൽ നിന്നുള്ള നേതാവ് ഇംതിയാസ് ജലീൽ അറിയിച്ചു. നികുതി നൽകിയതിനെക്കുറിച്ചുള്ള കഴിഞ്ഞ മൂന്നു വർഷത്തെ രേഖകളും മറ്റുള്ളവയും നൽകയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നുള്ള തീരുമാനമാണിതെന്നും ജലീൽ പറഞ്ഞു.
2012ല്‍ നടന്ന നാന്തേഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ട്ടി 11 സീറ്റുകള്‍ നേടിയിരുന്നു. ഔറംഗബാദിലെ തിരഞ്ഞെടുപ്പിൽ 54ൽ 24 സീറ്റും ഒവൈസിയുടെ പാർട്ടി നേടിയിരുന്നു.