കുട്ടിപ്പാവാട ധരിച്ച് രാത്രി പുറത്തിറങ്ങരുതെന്ന് വിദേശികള്‍ക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്
|സ്ത്രീയുടെ വസ്ത്രധാരണമാണ് ലൈംഗിക പീഡനങ്ങള്‍ക്ക് കാരണമെന്ന ധ്വനിയൊളിപ്പിച്ച് കേന്ദ്ര ടൂറിസം മന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം.
സ്ത്രീയുടെ വസ്ത്രധാരണമാണ് ലൈംഗിക പീഡനങ്ങള്‍ക്ക് കാരണമെന്ന ധ്വനിയൊളിപ്പിച്ച് കേന്ദ്ര ടൂറിസം മന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശി വനിതകള്‍ കുട്ടിപ്പാവാട ധരിച്ച് രാത്രി പുറത്തിറങ്ങരുതെന്നാണ് കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയുടെ മുന്നറിയിപ്പ്. ആഗ്രാ നഗരത്തില്‍ രാത്രി സമയം വെറുതെ ചുറ്റിക്കറങ്ങരുതെന്നും മന്ത്രി പറയുന്നു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെത്തുന്ന വിദേശ വനിതകളുടെ സുരക്ഷക്ക് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള വെല്‍ക്കം കാര്‍ഡ് പരിചയപ്പെടുത്തി കൊണ്ടായിരുന്നു കുട്ടിപ്പാവാട ധരിക്കരുതെന്നും രാത്രി പുറത്തിറങ്ങരുതെന്നും മന്ത്രി നിര്‍ദേശം നല്‍കിയത്. വിമാനത്താവളം കടക്കുന്നതിനു മുമ്പ് തന്നെ ഈ കാര്‍ഡ് വിദേശികള്‍ക്ക് നല്‍കും. ടാക്സി ഉപയോഗിക്കുന്നുണ്ടെങ്കില്‍ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയെടുത്ത് സുഹൃത്തിന് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.