India
കാവേരി നദീജല തര്‍ക്കം: കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായമായില്ലകാവേരി നദീജല തര്‍ക്കം: കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായമായില്ല
India

കാവേരി നദീജല തര്‍ക്കം: കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായമായില്ല

Khasida
|
14 May 2018 7:01 PM GMT

കോടതി വിധിക്കപ്പുറം കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് മന്ത്രി ഉമാഭാരതി

കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്രം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സമവായമായില്ല. ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെന്നും ഈ കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും യോഗശേഷം കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി പറഞ്ഞു. പ്രശ്നപരിഹാരത്തിന് കേന്ദ്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും, ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇരു സംസ്ഥാനങ്ങളെയും ചര്‍ച്ചക്ക് ക്ഷണിച്ചത്. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതിനിധിയുമാണ് പങ്കെടുത്തത്. അസുഖബാധിതയായതിനാല്‍ ജയലളിത പങ്കെടുത്തില്ല. ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ഫോര്‍മുല മുന്നോട്ട് വെച്ചതായി അറിവില്ല. പകരം വിഷയത്തില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്രം സുപ്രിം കോടതിയുടെ മുന്നില്‍വെക്കും.

കാവേരി നദിയിലെ ജലത്തിന്‍റെ ലഭ്യത എത്രത്തോളമുണ്ടെന്ന് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശം കര്‍ണാടക മുന്നോട്ട് വെച്ചതായും ഉമാഭാരതി അറിയിച്ചു. ഇക്കാര്യം പരിഗണിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും ഉമാഭാരതി പറഞ്ഞു.

Similar Posts