ലുക്ക്ഔട്ട് നോട്ടീസ് നിലനില്‍ക്കെ വിജയ് മല്യ എങ്ങനെ ലണ്ടനിലെത്തി ?
|മദ്യവ്യവസായത്തില്‍ നിന്നായിരുന്നു വിജയ് മല്യ എന്ന കോടീശ്വരന്റെ ഉദയം. എന്നാല്‍ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി രൂപംനല്‍കിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉദയത്തിനും അസ്തമയത്തിനും അധികകാലമുണ്ടായില്ല. ആയിരക്കണക്കിനു കോടി രൂപയുടെ ബാധ്യതയാണ് ഇതോടെ മല്യയെ തേടിയെത്തിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും മല്യ എന്ന ശതകോടീശ്വരന്‍ കുലുങ്ങിയില്ല.
മദ്യവ്യവസായത്തില്‍ നിന്നായിരുന്നു വിജയ് മല്യ എന്ന കോടീശ്വരന്റെ ഉദയം. എന്നാല്‍ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി രൂപംനല്‍കിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉദയത്തിനും അസ്തമയത്തിനും അധികകാലമുണ്ടായില്ല. ആയിരക്കണക്കിനു കോടി രൂപയുടെ ബാധ്യതയാണ് ഇതോടെ മല്യയെ തേടിയെത്തിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും മല്യ എന്ന ശതകോടീശ്വരന്‍ കുലുങ്ങിയില്ല. ഏകദേശം 9000 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ഒരുമിച്ചതോടെ സിബിഐയും എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റുമെല്ലാം മല്യക്കായി വല വിരിച്ചു. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. എന്നാല്‍ സിബിഐയുടെ വല പൊട്ടിച്ച് ഡല്‍ഹിയില്‍ നിന്നു വിവിഐപി ശോഭയോടെ മല്യ ലണ്ടനിലേക്ക് പറന്നു. അതും ശരാശരി ഏഴു യാത്രക്കാരുടെ ലഗ്ഗേജുമായാണ് മല്യ ലണ്ടനിലെ തന്റെ കൊട്ടാരത്തിലേക്ക് പറന്നത്. മൊത്തം 11 വലിയ ബാഗുകള്‍. മാര്‍ച്ച് രണ്ടിനായിരുന്നു മല്യയുടെ ഈ മുങ്ങല്‍. ഡല്‍ഹി - ലണ്ടന്‍ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ രാജകീയ പരിഗണനയോടെയാണ് മല്യ സൂര്യനസ്‍തമിക്കാത്ത സാമ്രാജ്യത്തിലേക്ക് പറന്നിറങ്ങിയത്. പതിവിനു വിരുദ്ധമായി സ്വകാര്യ ജെറ്റിന് പകരം യാത്രാവിമാനം തെരഞ്ഞെടുത്തതും മല്യയുടെ ആത്മവിശ്വാസം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ്.
മാര്‍ച്ച് രണ്ടിന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മല്യയെ സഹായിക്കാന്‍ ജെറ്റ് എയര്‍വേസ് ഒരു ഡസന്‍ ജീവനക്കാരെയാണ് പ്രത്യേകമായി നിയോഗിച്ചത്. ഉച്ചക്ക് 12 മണിയോടെ മല്യ വിമാനത്താവളത്തിലെത്തി. ബിസിനസ് ക്ലാസില്‍ 1D സീറ്റായിരുന്നു മല്യക്കായി ജെറ്റ് എയര്‍വേസ് ഒഴിച്ചിട്ടിരുന്നത്. മല്യക്കൊപ്പം ഒരു സ്ത്രീയും കൂട്ടിനുണ്ടായിരുന്നതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇരുവരെയും ജീവനക്കാര്‍ ടെര്‍മിനല്‍ 3 ലേക്ക് ആനയിച്ചു. വിമാനത്താവളത്തില്‍ ഏകദേശം ഒരു മണിക്കൂറിലേറെ മല്യയും കൂട്ടുകാരിയും വിമാനത്തിലേക്കുള്ള പ്രവേശനത്തിനായി കാത്തുനിന്നു. ഈ സമയമെല്ലാം മല്യയെ സന്തോഷിപ്പിക്കാന്‍ ജീവനക്കാര്‍ മത്സരിക്കുകയായിരുന്നു. ചായയും സ്‍നാക്സുമെല്ലാം ഒന്നിനു പിറകെ ഒന്നായെത്തി. എന്നിട്ടും മല്യയുടെ മുഖത്ത് കുറച്ച് പരിഭ്രമമുണ്ടായിരുന്നു. ഒന്നാം ബോര്‍ഡിങ് ഗേറ്റ് തന്നെ മല്യക്ക് മുമ്പില്‍ തുറന്നുകിട്ടി. മല്യയുടെ ബാഗുകള്‍ വിമാനത്തിലേക്ക് എത്തിക്കാന്‍ പ്രത്യേകം ജീവനക്കാരും എത്തി. വിമാനം പുറപ്പെടാന്‍ ഏതാനും മണിക്കൂറുകള്‍ മുമ്പാണ് മല്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. മല്യയുടെ ബാഗുകള്‍ കസ്റ്റംസ് പരിശോധിച്ചിട്ടാണോ വിമാനത്തില്‍ കയറ്റിവിട്ടതെന്ന് വ്യക്തമല്ല. സ്വന്തമായി രണ്ടു സ്വകാര്യ വിമാനങ്ങളുണ്ടായിട്ടും മല്യ യാത്രാവിമാനം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സ്വകാര്യ ജെറ്റില്‍ പറന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന ആശങ്കയാകാം ഇതിനു കാരണം. ഏതായാലും മല്യ ലണ്ടനിലെ ടിവെന്‍ ഗ്രാമത്തിലെ ലേഡിവോക് എന്ന ബംഗ്ലാവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ക്വീന്‍ ഹൂ തെരുവിലുള്ള കൊട്ടാരസമാനമായ ഈ ബംഗ്ലാവ് ഈ കൗണ്ടിയിലെ തന്നെ ഏറ്റവും വലിയ പാര്‍പ്പിടങ്ങളിലൊന്നാണ്.