പാക് സംഘം എന്‍ഐഎ ആസ്ഥാനത്തെത്തി; നാളെ പത്താന്‍കോട്ട് സന്ദര്‍ശിക്കും
|പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്താന്‍ സംഘം കൂടിക്കാഴ്ചക്കായി എന്‍ഐഎ ആസ്ഥാനത്തെത്തി.
പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്താന്‍ സംഘം കൂടിക്കാഴ്ചക്കായി എന്‍ഐഎ ആസ്ഥാനത്തെത്തി. നാളെയാണ് അന്വേഷണസംഘം പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിക്കുക. ആദ്യമായാണ് ഭീകരവാദക്കേസ് അന്വേഷിക്കുന്നതിന് വേണ്ടി പാക് സംഘം ഇന്ത്യയിലെത്തുന്നത്.
ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കുന്നതിനായാണ് പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യ മുന്നോട്ട് വെക്കുന്ന തെളിവുകള്‍ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം.
പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രൂപീകരിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പിനായി ഇന്നലെ ഡല്‍ഹിയിലെത്തിയത്. സംഘത്തില്‍ പാക് ചാരസംഘടന ഐഎസ്ഐയുടെ പ്രതിനിധിയുമുണ്ട്. സംഘം നാളെ പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലെത്തി തെളിവുകള്‍ ശേഖരിക്കും. ഡിസംബര്‍ 30ലെ ഭീകരരുടെ നുഴഞ്ഞു കയറ്റവും ജനുവരി രണ്ടിന്
നടന്ന ഭീകരാക്രണവും സംബന്ധിച്ച് ലഭ്യമായ വിവരങ്ങളില്‍ ചിലത് ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. ഈ ആരോപണങ്ങളിലും സംഘം വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.