യുവതിക്ക് ഹാജരാവാനായില്ല; കോടതി വിവാഹമോചനം അനുവദിച്ചത് സ്കൈപ്പ് വഴി
|സിംഗപ്പൂരില്‍ നിന്നും ഭര്‍ത്താവ് കോടതിയില്‍ എത്തിയെങ്കിലും ഭാര്യക്ക് ജോലിത്തിരക്കു കാരണം ലണ്ടനില്‍ നിന്ന് എത്താനായില്ല
വാട്സ്ആപ്പ് വഴിയും മറ്റ് സോഷ്യല്‍മീഡിയ വഴിയും ഭര്‍ത്താവ് ഭാര്യയെ വിവാഹമോചനം ചെയ്തുവെന്നത് മുത്തലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമായും ഉയരുന്ന പരാതികളാണ്. എന്നാലിതാ ഇന്ത്യയിലെ ഒരു കോടതി ഓണ്‍ലൈന്‍ ആശയവിനിമയോപാധിയായ 'സ്‌കൈപ്പ്'വഴി വിവാഹമോചനം അനുവദിച്ചിരിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി, ലണ്ടനിലുള്ള യുവതിയെ കോടതി നടപടികളുമായി സഹകരിപ്പിച്ചാണ് പൂനെ കോടതി വിവാഹമോചനം അനുവദിച്ചത്.
മഹാരാഷ്ട്രയിലെ നാഗ്‍പൂരില്‍ നിന്നുള്ള യുവാവും അമരാവതിയില്‍ നിന്നുള്ള യുവതിയുമാണ് പൂനെ കോടതിയില്‍ വെച്ച് ഇന്നലെ വിവാഹമോചിതരായത്. സോഫ്‌റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് ഇരുവരും. 2015 മേയ് ഒന്‍പതിനാണ് ഇവര്‍ വിവാഹിതരായത്. പഠനകാലത്തെ പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.
ഒരു മാസം പുനെയില്‍ താമസിച്ചെങ്കിലും പിന്നീട് ഇവര്‍ക്ക് വിദേശത്ത് രണ്ടിടങ്ങളിലായി ജോലി ലഭിക്കുകയായിരുന്നു. ഭര്‍ത്താവ് സിംഗപ്പൂരിലും ഭാര്യ ലണ്ടനിലുമാണ് ജോലി ചെയ്യുന്നത്. സിംഗപ്പൂരില്‍ നിന്നും ഭര്‍ത്താവ് പുനെയിലെ സിവില്‍ കോടതിയില്‍ എത്തിയെങ്കിലും ഭാര്യക്ക് ജോലിത്തിരക്കു കാരണം ലണ്ടനില്‍ നിന്ന് എത്താനായില്ല. തുടര്‍ന്ന് 'സ്‌കൈപ്പ്'വഴി ബന്ധപ്പെടാന്‍ അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയാരുന്നു. വിവാഹം തങ്ങളുടെ കരിയറിന് തടസ്സമാകുമെന്നു തോന്നിയതിനെത്തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഈ വിവാഹമോചനമെന്ന തീരുമാനം എടുത്തത്.