രാജസ്ഥാനില്‍ മുസ്‌ലിം കുടുംബത്തില്‍ നിന്നും പശുക്കളെ പിടിച്ചെടുത്ത് പൊലീസ് ഗോശാലക്ക് കൈമാറി
|പശുക്കടത്ത് ആരോപിച്ച് പെഹ്‍ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകനെ ഗോരക്ഷകര്‍ തല്ലിക്കൊന്ന ആല്‍വാറില്‍ പശുവിന്‍റെ പേരില്‍ വീണ്ടും അതിക്രമം. ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ പരാതി പരിഗണിച്ചാണ് പൊലീസ് നടപടി.
രാജസ്ഥാനില്‍ മുസ്‌ലിം കുടുംബത്തില്‍ നിന്നും 51 പശുക്കളെ പിടിച്ചെടുത്ത് പൊലീസ് പ്രദേശത്തെ ഗോശാലക്ക് നല്‍കി. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ പരാതി പരിഗണിച്ചാണ് പൊലീസ് നടപടി. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് പൊലീസ് പശുക്കളെ പിടിച്ചുകൊണ്ടുപോയതെന്ന് കുടുംബം പറഞ്ഞു.
പശുക്കടത്ത് ആരോപിച്ച് പെഹ്‍ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകനെ ഗോരക്ഷകര്‍ തല്ലിക്കൊന്ന ആല്‍വാറിലാണ് പശുവിന്‍റെ പേരില്‍ വീണ്ടുമൊരു അതിക്രമം നടന്നത്. സുബ്ബ ഖാനെന്ന ക്ഷീരകര്‍ഷകനാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഉപജീവന മാര്‍ഗം ഇല്ലാതായത്. സുബ്ബ ഖാന്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ ക്ഷീരകര്‍ഷകനാണ് താനെന്നും പശുക്കളെ കശാപ്പ് ചെയ്തിട്ടില്ലെന്നും സുബ്ബ ഖാനും കുടുംബവും പറയുന്നു.
പശുക്കളെ തിരിച്ചുകിട്ടാന്‍ സുബ്ബഖാന്‍ കഴിഞ്ഞ 10 ദിവസമായി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയും പൊലീസിനെയും മാറിമാറി സമീപിക്കുകയാണ്. പൊലീസ് പിടിച്ചുകൊണ്ടുപോയ പശുക്കളുടെ കിടാങ്ങള്‍ വീട്ടിലുണ്ടെന്നും ഇവയ്ക്ക് പാല്‍ നല്‍കാനാവുന്നില്ലെന്നും സുബ്ബ ഖാന്‍ പൊലീസിനെ ധരിപ്പിച്ചു. 17 പശുക്കിടാങ്ങളാണ് പാല്‍ കിട്ടാതെ പട്ടിണിയിലായത്.
സുബ്ബഖാന്‍ പശുക്കളെ കശാപ്പ് ചെയ്യാന്‍ പോവുകയാണെന്ന പരാതി ലഭിച്ചെന്നാണ് പൊലീസ് പറയുന്നതെന്ന് പഞ്ചായത്ത് തലവന്‍ ഷെര്‍ മുഹമ്മദ് പറഞ്ഞു. അങ്ങനെയെങ്കില്‍ സുബ്ബ ഖാനെതിരെ എന്തുകൊണ്ട് പൊലീസ് കേസെടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്നുമാണ് ആല്‍വാര്‍ എസ്‍പി രാഹുല്‍ പ്രകാശ് പറഞ്ഞത്.