ഗുജറാത്തില്‍ 68 ശതമാനം പോളിങ്
|ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 68.35 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 68.35 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 68.7 ശതമാനമാണ് പോളിങ്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരുക്യാമ്പുകളും പ്രതീക്ഷയിലാണ്. ഡിസംബര്‍ 18നാണ് ഗുജറാത്തില്‍ വോട്ടെണ്ണുക.
വാദപ്രതിവാദങ്ങളും വിവാദങ്ങളും നിറഞ്ഞ് നിന്ന പ്രചാരണത്തിനൊടുവില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് ഗുജറാത്തില്‍ രേഖപ്പെടുത്തിയത്. വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലെല്ലാം പോളിങ് ശക്തം. ഗാന്ധിനഗറിലെ ഒരു ബൂത്തില്‍ കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതൊഴിച്ചാല് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. അതേസമയം ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 100ലേറെ വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നെങ്കില്‍ 10 ഇടത്ത് മാത്രമാണ് രണ്ടാം ഘട്ടത്തില്‍ പരാതി ഉയര്‍ന്നത്. ഒരിടത്ത് വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് പോളിങ് ഒരു മണിക്കൂറോളം തടസപ്പെട്ടു.
നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയ ശേഷം വാഹനത്തില്‍ റോഡ് ഷോ നടത്തിയത് വിവാദമായി. പട്ടേലുകള്‍ക്ക് സ്വാധീനമുള്ള സൌരാഷ്ട്ര, കച്ച് മേഖലകളില്‍ പോളിങ് കുറഞ്ഞത് ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഹര്‍ദിക്ക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ ഒപ്പം ചേര്‍ന്നത് കോണ്‍ഗ്രസിനും സര്‍വ്വേ ഫലങ്ങള്‍ അനുകൂലമാണെന്നത് ബിജെപിക്കും ആത്മവിശ്വാസം പകരുന്നു. തിങ്കളാഴ്ച്ചയാണ് വോട്ടെണ്ണല്‍.