എന്നെ രക്ഷിക്കൂ..അല്ലെങ്കില്‍ ഇയാളെന്നെ കൊല്ലും; ഭര്‍തൃപീഡനം പരിധി വിട്ടപ്പോള്‍ പൊലീസിന്റെ സഹായമഭ്യര്‍ഥിച്ച് യുവതി
|ചലച്ചിത്ര സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്
ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ഈ യുവതി. മുംബൈയിലെ ഖാര്‍ സ്വദേശിയായ സ്ത്രീയാണ് വീഡിയോയിലൂടെ സഹായമഭ്യര്‍ഥിച്ചിരിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
മാനസികമായും ശാരീരികമായും ഭര്‍ത്താവ് എന്നെ പീഡിപ്പിക്കുകയാണ്. വര്‍ഷങ്ങളായി പീഡനം തുടങ്ങിയിട്ടുണ്ട്. എന്റെ കുട്ടികള്‍ക്ക് വേണ്ടിയാണ് അയാളുമായുള്ള ബന്ധം തുടരുന്നത്. പക്ഷേ ഈ മനുഷ്യന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. യുവതി കരഞ്ഞു കൊണ്ടു പറയുന്നു.
പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് പൊലീസ് ചെയ്തതെന്നും മറ്റ് നടപടികളൊന്നും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും സ്ത്രീ ആരോപിച്ചു. ‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും. എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ഖാറിലെ തെരുവില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും, എനിക്ക് നീതി തരൂവെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.
ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും ഭര്‍ത്താവും രണ്ട് കുട്ടികളും പതിനൊന്നാമത്തെ നിലയിലെ ഫ്‌ളാറ്റിലും ഭാര്യയും മകളും പന്ത്രണ്ടാം നിലയിലെ ഫ്‌ളാറ്റിലുമാണ് താമസമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സ്ത്രീയുടെ പരാതിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്നതിനും ഭീഷണിപ്പെടുത്തിയതിനും രണ്ട് കേസുകള്‍ ഭര്‍ത്താവിനെതിരെ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.