ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ് നടത്തി 58 പേര്‍ക്ക് എച്ച്ഐവി ബാധിച്ച സംഭവം: വ്യാജഡോക്ടര്‍ അറസ്റ്റില്‍
|ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ് നടത്തിയതിനെ തുടര്‍ന്ന് 58 പേര്‍ക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ് നടത്തിയതിനെ തുടര്‍ന്ന് 58 പേര്‍ക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍. ബംഗാര്‍മൊയില്‍ ക്ലിനിക്ക് നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ രാജേന്ദ്ര യാദവ് ആണ് അറസ്റ്റിലായത്. കുറഞ്ഞ ചെലവില്‍ ചികിത്സ വാഗ്ദാനം ചെയ്താണ് വ്യാജഡോക്ടര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് പലര്‍ക്കും കുത്തിവെയ്പ് നടത്തിയത്.
രോഗികളില്‍ നിന്നും 10 രൂപയാണ് രാജേന്ദ്ര യാദവ് ഫീസായി വാങ്ങിയിരുന്നത്. മരുന്നുകള്‍ രോഗികള്‍ക്ക് സൌജന്യമായി വിതരണം ചെയ്തു. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള ദരിദ്രരായ രോഗികളാണ് ഇയാളെ കൂടുതലായി ആശ്രയിച്ചത്. ബംഗാര്‍മൊയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കാരണം കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ജനുവരി 24 മുതല്‍ 27 വരെ പ്രദേശത്ത് ക്യാമ്പ് നടത്തി 566 പേരെ പരിശോധിച്ചു. 58 പേര്‍ക്കാണ് എച്ചഐവി സ്ഥിരീകരിച്ചത്.
എച്ച്ഐവി ബാധിതരെ വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പൂരിലെ ആന്റിറിട്രോ വൈറല്‍ തെറാപ്പി സെന്ററിലേക്ക് മാറ്റി. ലൈസന്‍സ് ഇല്ലാതെ ചികിത്സ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.