India
പിഎന്‍ബി തട്ടിപ്പിന്റെ വ്യാപ്തി ഏറെ വലുതെന്ന് സിബിഐപിഎന്‍ബി തട്ടിപ്പിന്റെ വ്യാപ്തി ഏറെ വലുതെന്ന് സിബിഐ
India

പിഎന്‍ബി തട്ടിപ്പിന്റെ വ്യാപ്തി ഏറെ വലുതെന്ന് സിബിഐ

Subin
|
14 May 2018 5:09 AM GMT

അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിക്കായി നല്‍കിയ അപേക്ഷയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അടക്കം മൂന്ന് പേര്‍ സിബിഐ അറസ്റ്റില്‍. തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതിലും ഏറെ വലുതാണെന്നാണ് സിബിഐ റിപ്പോര്‍ട്ട്. 2017ല്‍ ആണ് കൂടുതല്‍ തട്ടിപ്പ് നടന്നത് എന്ന് സിബിഐയുടെ ഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനും അന്വേഷണം നടത്തും.

ബാങ്ക് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതിലും ഏറെ വലുതാണെന്നാണ് സിബിഐ മുംബൈ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് അപേക്ഷയില്‍ പറയുന്നത്. ഒന്നാമത്തെ എഫ്‌ഐആറില്‍ കണക്കാക്കിയ 280 കോടിയാണ് നഷ്ടമായി കണക്കാക്കിയത്. എന്നാലിത് 6000 കോടിയോളം വരുമെന്ന് സിബിഐ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിക്കായി നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാങ്ക് ജീവനക്കാരായിരുന്ന ഗോകുല്‍നാഥ് ഷെട്ടി, മനോജ് ഖാരാത്ത്, നീരവ് മോദിയുടെ അനുയായി ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം സിബിഐ, ഐ ടി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീവയ്ക്ക് പിന്നാലെ കേന്ദ്ര വിജിലന്‍സ് കമ്മീഷനും തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തും. ബാങ്ക്, ധനകാര്യമന്ത്രാലയം പ്രതിനിധികളോട് നേരിട്ട് കമ്മീഷന് മുമ്പാകെ തിങ്കളാഴ്ച്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നോട്ടീസ് നല്‍കി. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും അടിയന്തരയോഗം വിളിച്ചു.

പൊതുമേഖലബാങ്കുകളുടെ മേധാവികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ തട്ടിപ്പിന്റെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാനാവില്ലെന്ന നിലപാട് പിഎന്‍ബി അറിയിക്കുമെന്നാണ് സൂചന. നീരവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം നല്‍കി ആഭരണങ്ങള്‍ വാങ്ങിയ താരങ്ങളിലേക്കും നേതാക്കന്മാരിലേക്കും അന്വേഷണം നീളുമെന്ന സൂചനയുമുണ്ട്.

Related Tags :
Similar Posts